താളുകള്‍

Saturday, 6 April 2013

പാല്‍ചായ പോലൊരു പെണ്‍കുട്ടി..

വീട്ടിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് ചെറിയൊരു വാടക വീടുണ്ട്. കുറെ ദിവസമായിട്ടു താമസക്കാര്‍ ഇല്ലാതെ കിടക്കുന്ന ആ വീട്ടില്‍ ഒരു ദിവസം വൈകുന്നേരം നിറയെ വീട്ടു സാധനങ്ങളുമായി ഒരു മിനി ലോറി വന്നു നിന്നു. നമ്മുടെ നാട്ടില്‍ ആദ്യമായി വരുന്ന ഒരാളെ സഹായിക്കേണ്ടത് നമ്മുടെ കടമയല്ലേ? എന്നിലെ പരോപകാരി സടകുടഞ്ഞു എണീറ്റു . 
പാല്‍ചായ പോലൊരു പെണ്‍കുട്ടി. കാഴ്ചയില്‍ അവളുടെ ഇത്തയാണെന്ന് തോന്നിക്കുന്ന കഞ്ഞിവെള്ളം പോലത്തെ മറ്റൊരു കുട്ടി. താടി നീട്ടി വളര്‍ത്തിയ മത ഭക്തി ഉള്ളതായി തോന്നുന്ന അവരുടെ ഉപ്പ,പിന്നെ കാഴ്ചയില്‍ നല്ല തറവാടിത്വം തോന്നുന്ന ഒരുമ്മ . 
എന്നിലെ പരോപകാരി സട കുടഞ്ഞു തന്നെ നിന്നു.. സാധനങ്ങള്‍ എല്ലാം ഒതുക്കി വെച്ച് ഒരു ചായയും കുടിച്ചാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിയത്‌. പിന്നെ പിന്നെ ആ വീട്ടുകാരുമായി കൂടുതല്‍ അടുത്തു, നമ്മള്‍ ആദ്യമായി ഒരു നാട്ടില്‍ എത്തുമ്പോള്‍ നമ്മളെ ആദ്യമായി സഹായിച്ച ആളെ സാധാരണ ആരും പെട്ടെന്ന് മറക്കാറില്ല. അത് തന്നെയാണ് എനിക്കവിടെയുള്ള അനുകൂല ഘടകവും.. അവളുടെ ഉപ്പാക്ക് എന്തോ ബിസിനെസ്സ് ആണെന്ന് പറഞ്ഞു. എന്താണെന്ന് എനിക്ക് വ്യക്തമായി മനസ്സിലായില്ല. 
ഈയിടെയായി പാല്‍ചായ കുട്ടിക്ക് എന്നോട് എന്തോ ഒരു അടുപ്പം കൂടുതല്‍ ഉള്ള പോലെ ഒരു തോന്നല്‍.. എന്‍റെ വെറും തോന്നലാണോ? സുലൈമാനി പോലെയുള്ള എന്നെ ഒക്കെ ഒരു പാല്‍ചായ ഇഷ്ട്ടപ്പെടുമോ.. എന്തായാലും അടുത്തുള്ള ഒരു തുന്നല്‍ പരിശീലന കേന്ദ്രത്തിലേക്ക് അവളുടെ യാത്ര കോളെജിലേക്ക് പോകുന്ന എന്‍റെ കൂടെയായി.. അങ്ങാടി കഴിയുന്നത്‌ വരെ ഒന്നും മിണ്ടാതെയുള്ള ആ യാത്രയില്‍ അങ്ങാടി കഴിഞ്ഞാല്‍ പിന്നെ ഒരു പാട് കഥകള്‍ പിറന്നു. തമാശകള്‍ വിരിഞ്ഞു.എന്‍റെ സംസാരം ആണോ അവള്‍ക്കിഷ്ട്ടം അതോ എന്നെയാണോ. എന്‍റെ സംശയം തീരുന്നില്ല. മനസ്സിലെ അപകര്‍ഷത ബോധം തന്നെ ആയിരിക്കാം കാരണം.. ഒരിക്കല്‍ വീട്ടിലേക്കു തിരിച്ചു നടക്കുമ്പോള്‍ പെയ്ത ചാറ്റല്‍ മഴയില്‍ അവള്‍ അവളുടെ കുട പുറത്തെടുക്കാതെ ബാഗില്‍ തന്നെ വെച്ചു. എന്‍റെ കുടയില്‍ ചെറുതായി പെയ്യുന്ന മഴയില്‍ ഒരു പാല്‍ ചായയും ഒരു സുലൈമാനിയും ഒരു പാട് ചിരിച്ചു മെല്ലെ മെല്ലെ അങ്ങിനെ നടന്നു പോയി.. 
കുറെ ദിവസങ്ങള്‍ക്കു ശേഷം ഒരു അവധി ദിവസം അങ്ങാടിയിലെക്ക് വെറുതെ ഇറങ്ങിയ ഞാന്‍ അവളുടെ വാടക വീടിനു മുന്നില്‍ ചെറിയൊരു ആള്‍കൂട്ടം കണ്ടു കുറച്ചു വേവലാതിയോടെ അങ്ങോട്ട്‌ ഓടി ചെന്നു.അവരുടെ വീടിന്‍റെ വാതില്‍ പൂട്ടിയിട്ടിരിക്കുന്നു. നാട്ടില്‍ പലരോടുമായി ഒരുപാട് പണം പലതും പറഞ്ഞു വാങ്ങിയ അവളുടെ ഉപ്പ ഭാര്യയേയും മക്കളെയും കൂട്ടി അര്‍ദ്ധരാത്രി എങ്ങോട്ടോ സ്ഥലം വിട്ടിരിക്കുന്നു. (അന്നാദ്യമായി ഞാന്‍ എന്‍റെ ദാരിദ്ര്യത്തെ ഇഷ്ട്ടപെട്ടു. )
ഒരുപാട് പാട്ടുകള്‍ എന്‍റെ മനസ്സില്‍ കൂടി കടന്നു പോയി.. അതില്‍ കൂടുതല്‍ വരികള്‍ അറിയുന്ന പാട്ട് .. ഇനിയുമോണ്ടൊരു ജന്മ മെങ്കില്‍ എനിക്ക് നീ ഇണയാവണം എന്ന ഗസസിലെ പാട്ട് ആയിരുന്നു. 
ആദ്യ പ്രണയത്തിനു എപ്പോളും നീട്ടിയടിച്ച പാല്‍ ചായയുടെ രുചിയാണ്. കട്ടന്‍ ചായയുടെ ലഹരിയും.. :)

ഓര്‍മയിലെ ചില കുഞ്ഞു ജീവികള്‍.. !!11!!!1-

ഗ്യാസും കൊണ്ട് പോകുന്ന ഏലസ് വണ്ടിയുടെ ആകൃതിയില്‍ ഒരു കുഞ്ഞു ജീവിയുണ്ടായിരുന്നു. എനിക്കതിന്റെ പേരറിയില്ല. അതോ ഇനി അതിനു പേരില്ലേ?അതിന്‍റെ പിന്‍ഭാഗത്തുള്ള ചെറിയ ടാങ്കില്‍ എപ്പോളും എണ്ണ പോലത്തെ ഒരു സാധനം ഉണ്ടാകും. യേശുവിനു എണ്ണ കൊണ്ട് പോവുകയാണ് ഈ ജീവി എന്ന് ആരോ പറഞ്ഞു തന്നതോണ്ട് അതിനെ ഉപദ്രവിക്കാറില്ല. 
ചുമപ്പില്‍ കറുത്ത പുള്ളികള്‍ ഉള്ള ഒരു കൊച്ചു പ്രാണി.. ഇണയുമായി ഇപ്പോഴും പ്രണയിച്ചു നടക്കുന്ന അതിനെ ഒറ്റക് ഒറ്റയ്ക്ക് കാണാന്‍ ബുദ്ധിമുട്ടാണ്. സത്യത്തില്‍ അത് ഇണചെരുകയാണോ അതോ ഒരൊറ്റ ജീവിയാണോ എന്ന് സത്യം പറഞ്ഞാല്‍ എനിക്കിപ്പോളും അറിയില്ല. കുതിര പ്രാണി എന്നാണു അതിനെ ചില നാടുകളില്‍ വിളിക്കുന്നത്‌. എന്തായാലും പരസ്പരം ഏറ്റവും നല്ല അണ്ടര്‍ സ്റ്റാന്‍ഡില്‍ സഞ്ചരിക്കുന്ന ലോകത്തിലെ തന്നെ ഏക കപിള്‍സ് . ( അവളേം കൊണ്ട് മണ്ണാര്‍ക്കാട് വരെ പോകുന്ന ബുദ്ധിമുട്ട് എനിക്കറിയാം :P) 
ചിതല്‍. ...-=-, ചെറുപ്പത്തില്‍ ഞാന്‍ അതിന്‍റെ പല്ലൊന്നു കാണാന്‍ വേണ്ടി കുറെ എണ്ണത്തിനെ പിടിച്ചു നോക്കീട്ടുണ്ട്. എത്ര ഉറപ്പുള്ള മരവും തിന്നു തീര്‍ക്കുന്ന അതിന്‍റെ പല്ല് എനിക്കിതു വരെ കാണാന്‍ പറ്റിയിട്ടില്ല അശാരിമാരോട് ദേഷ്യമുള്ള ഒരു മണ്ണാന്‍ ജീവി. സൂക്ഷിച്ചു നോക്കിയാല്‍ അറിയാം ചിതല്‍ പുറ്റിനും ഒരു കാവ്യാത്മകതയുണ്ട്. 
ഉറുമ്പ്. നിങ്ങള്‍ ആരെങ്കിലും ഉറുമ്പുകളുടെ ഘോഷയാത്ര ശ്രദ്ധിച്ചിട്ടുണ്ടോ ....വരിതെറ്റാതെ ...മുദ്രാവാക്യം വിളിക്കാതെ ..വര്‍ണകുടകള്‍ ഇല്ലാതെ ...ട്രാഫിക്‌ ബ്ലോക്കുണ്ടാക്കാതെ ..അവരങ്ങിനെ നീങ്ങികൊണ്ടെയിരിക്കും ..നമ്മള്‍ പ്രവാസി ഉറുമ്പുകളെ പോലെ ...
പാറ്റ..മുഴുത്ത പാറ്റകളെ പിടിച്ചു മലര്‍ത്തി കിടത്തി അവറ്റകള്‍ അങ്ങിനെ മലര്‍ന്നു കിടന്നു കൈകാലിട്ടടിക്കുന്നത് കണ്ടു നില്‍ക്കാന്‍ തന്നെ നല്ല സുഖമാണ്.
പച്ച പുല്‍ച്ചാടി വീട്ടില്‍ വന്നാല്‍ പിറ്റേന്ന് കാശ് കിട്ടും എന്നൊരു അറിവ് വെച്ച് കാലത്ത് മദ്രസയില്‍ പോകുമ്പോള്‍ റോഡിനു ഇരുവശവും അരിച്ചു പെറുക്കി നടന്നിരുന്നതോര്‍ത്തു ഇപ്പോള്‍ ചിരി വരുന്നു. രാത്രി ഇരുട്ടില്‍ വിരുന്നു വരുന്ന മിന്നാമിനുങ്ങിനെ പിടിച്ചു വെളിച്ചത്തു കൊണ്ട് പോയി നോക്കിയാല്‍ അപ്പം പണ്ടാരം വെളിച്ചം ഓഫാക്കും..പിന്നേം ഇരുട്ടത്ത്‌ നിറുത്തണം അത് അതിന്‍റെ ലൈറ്റ് ഓണാക്കാന്‍.. മിന്നാമിനുങ്ങു രാത്രി വന്നാല്‍ രാത്രി രണ്ടിന് പോകാന്‍ മുട്ടും എന്നറി യുന്നതോണ്ട് ഞാന്‍ എന്‍റെ റൂമില്‍ വരുന്ന മിന്നാ മിനുങ്ങിനെ ആരും കാണാതെ പിടിച്ചു അനിയന്‍റെ റൂമിലാക്കും .. അവനു വേണേല്‍ മുട്ടിക്കോട്ടേ .. 
സുന്ദരികളായ പെണ്‍കുട്ടികളെ കാണുമ്പോള്‍ ഉള്ള അതെ സ്നേഹം ആയിരുന്നു എനിക്ക് പൂമ്പാറ്റകളെ കാണുമ്പോളും. അതുകൊണ്ട് തന്നെ ഞാന്‍ ചെറുപ്പത്തില്‍ ഉപദ്രവിക്കാത്ത ഏക ജീവി പൂമ്പാറ്റയാവാം .. 
തുമ്പി.. എത്ര തരാം തുമ്പികള്‍ ഉണ്ടായിരുന്നെന്നോ എന്‍റെ നാട്ടില്‍.. .., ആന തുമ്പി,ഓണ തുമ്പി,പൂ തുമ്പി, വാല്‍ തുമ്പി..അങ്ങിനെ ഒരുപാട്.. ഒരുപാട് ..പാവം ഓണത്തുമ്പികള്‍ ..കൂട്ടമായി പറക്കുന്ന അവയെ കൂട്ടുകാരുടെ കൂടെ കൂടി കുറുന്തോട്ടി പറിച്ചു എത്ര വട്ടം അടിച്ചു വീഴ്ത്തിയിരിക്കുന്നു.. കല്ലെടുപ്പിക്കുന്നതും, വാലില്‍ നൂല് കെട്ടി പറപ്പിക്കുന്നതും പോരാഞ്ഞിട്ട് വീട്ടില്‍ വളര്‍ത്തുന്ന മൈനക്ക് ഭക്ഷണം ആക്കാനും കുറെ എണ്ണത്തിനെ പിടിച്ചിട്ടുണ്ട്.. 
ഓന്തിനെ കണ്ടാല്‍ കല്ലെടുത്ത്‌ ഏറിയും. നാവു നീട്ടി അത് നില്കുന്നത് കാണുമ്പോള്‍ എന്തോ ഒരു ഭീകരത തോന്നും ..
എട്ടുകാലിയുടെ കാലിന്‍റെ എണ്ണം എത്രയുണ്ട് എന്ന് നോക്കാന്‍ ചൂലുകൊണ്ട് അടിച്ചു കൊന്നു എണ്ണി നോക്കിയപ്പോള്‍ മൂന്നു കാലെയുള്ളൂ. എന്തടിയാണ് ഞാന്‍ അന്ന് അടിച്ചത് ..ഓ ...

Friday, 5 April 2013

ഭാഷ. ...♥

ഞാന്‍ പറയുന്നത് നിങ്ങള്‍ക്കും നിങ്ങള്‍ പറയുന്നത് എനിക്കും മനസ്സിലാവുന്ന സ്ഥിതിക്ക് നമുക്കിടയിലെ ഭാഷ അതിന്‍റെ ധര്‍മം നിര്‍വഹിക്കുന്നുണ്ട് എന്ന് തന്നെ വേണം കരുതാന്‍. .........
ഓര്‍ഡിനറി എന്ന സിനിമയില്‍ ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടപ്പോളാണ് ഇത്രയും മനോഹരമായ ഒരു ഭാഷ 
ശൈലി  എന്‍റെ ജില്ലയില്‍ നിലവില്‍ ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ക്കുന്നത് . ഞങ്ങള്‍ മണ്ണാര്‍ക്കാട്ടുകാര്‍ മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ കൂടുതലും ഉപയോഗിക്കുന്നത് മലപ്പുറം ശൈലിയാണ്. അതില്‍ തന്നെ പോയിത്രേ .. വന്നുത്രേ ...വന്നുക്കുണ് എന്നതൊക്കെ ഞങ്ങളുടെ മാത്രം ശൈലിയും.. ..കല്ലടിക്കോട് മുതലാണ്നമ്മള്‍ സിനിമയില്‍ കണ്ട ശൈലിയില്‍ ആളുകള്‍ സംസാരിക്കുന്നത് എന്ന് തോന്നുന്നു. മുണ്ടൂര്‍,പാലക്കാട്,ആലത്തൂര്‍,നെന്മാറ .. അങ്ങിനെ അങ്ങിനെ...

അഞ്ചിലെത്തിയ ഞാന്‍ ഉമ്മാന്‍റെ നാടായ മലപ്പുറത്തെ കൊണ്ടോട്ടിയിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ കൂട്ടുകാരുമായി ഇടകലര്‍ന്നു പോകാന്‍ നന്നായി കഷ്ട്ടപെട്ടു. പിന്നെ മെല്ലെ മെല്ലെ ഞാന്‍ അവരില്‍ ഒരാളായി തീര്‍ന്നു .. എത്താ ,ഇജ്ജു,പജ്ജ്,കജ്ജ്,എത്താപ്പം എന്‍റെ കഥ.. മനോഹരമായ ഒരു കാലഘട്ടം.. ഭാര്യ ഒരിക്കല്‍ പറഞ്ഞു ..നിങ്ങളെ മോന് നിങ്ങളുടെ ആ മലപ്പുറം ശൈലി മുഴുവനായി കിട്ടിയിട്ടുണ്ട്. എത്ര പറഞ്ഞു കൊടുത്താലും പശുവിനു അവന്‍ പജ്ജ് എന്നെ പറയൂ..
ഗള്‍ഫില്‍ എത്തിയപ്പോള്‍ കൂടെയുള്ളവര്‍ അതികവും എറണാകുളം ജില്ലക്കാര്‍ .. പ്രത്യേകിച്ച് ഒരു ശൈലി ഇല്ലാതെ അത്യാവശ്യം ശുദ്ധ മലയാളം പറയുന്ന ആളുകള്‍. ., ഞാനും അവര്‍ക്ക് വേണ്ടി എന്‍റെ സംസാര ശൈലി മാറ്റി. മലപ്പുറം ശൈലി ആകുമല്ലോ എന്ന് കരുതി അന്നൊക്കെ ഹജ്ജിനു ഹയ്യ്‌ എന്നാണ് പറഞ്ഞിരുന്നത് :) വാരാന്ത്യങ്ങളില്‍ കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും പാട്ടൊക്കെ പാടും ..ഞാന്‍ പാടിയ പാട്ടിലെ ഒരു വരി ...മുന്നൂറു കോമാങ്ങ അണ്ട്യോടെ മുണുങ്ങിയോവര്‍ എന്നായിരുന്നു .. ആ മുണുങ്ങി എന്ന പ്രയോഗം വന്നതും എന്‍റെ പരിപ്പവന്മാര്‍ എടുത്തു. 
വെള്ളിയായ്ച്ചകളില്‍ ബിന്‍ഒമ്രാനില്‍ താമസിക്കുന്ന കൊണ്ടോട്ടി കൂട്ടുകാരുടെ അടുത്തേയ്ക്ക് പോകുന്നത് തന്നെ നമ്മുടെ ആ നാടന്‍ ബര്‍ത്താനങ്ങള്‍ പറയാനായിരുന്നു. ഇജ്ജൊന്നു പോയ്ക്കാ ചെങ്ങായി.. എത്താന്ക്ക്. ഒന്ന് ചെലക്കാണ്ട് നിക്കെടാ ന്നൊക്കെ പറയുമ്പോള്‍ ശരിക്കും ഡ്യുട്ടി കഴിഞ്ഞു വന്നു ഫാന്റും ഷര്‍ട്ടും മാറ്റി ഒരു ലുങ്കിയും ടീ ഷര്‍ട്ടും ധരിച്ച സുഖമായിരുന്നു .
എന്തൊക്കെ ശൈലിയില്‍ സംസാരിച്ചാലും നമ്മള്‍ എല്ലാം ഒരൊറ്റ മലയാള ഭാഷയല്ലേ സംസാരിക്കുന്നുള്ളൂ.. അത് തന്നെ വല്ല്യ കാര്യം. കേരളമൊഴിച്ച് മറ്റു മിക്ക സംസ്ഥാനങ്ങളിലും മുസ്ലിങ്ങള്‍ സംസാരിക്കുന്നത് അവിടത്തെ മാതൃ ഭാഷയല്ല ......ഉര്‍ദു ആണ്. മറാത്തികള്‍ സംസാരിക്കുന്നത് മാറാത്തി. കര്‍ണാടകയിലെ ക്രിസ്ത്യാനികള്‍ (ഗോവയില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ) സംസാരിക്കുന്നത് കൊങ്കിണി,തുളു സംസാരിക്കുന്നവരും ഉണ്ട്, തമിഴും,തെലുങ്കും,കന്നഡയും,ഒറിയയും ,ഹിന്ദിയും എല്ലാം അതതു നാടുകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. 
ടെലെഫോണ്‍ നിരക്ക് കുറഞ്ഞതിനു ശേഷം വീട്ടിലേക്കു എഴുതുന്ന കത്തുകള്‍ നിന്നതോടെ മലയാളം എഴുതാനുള്ള അവസരം ഇല്ലാതായിരുന്നു. എഴുത്ത് വീണ്ടും തുടങ്ങിയതാണ്‌ ഫേസ് ബുക്കിനെ സ്നേഹിക്കാന്‍ ഉള്ള ഒരു വലിയ കാരണം . 
അക്ഷരതെറ്റുകള്‍ പരമാവധി കുറക്കാന്‍ ശ്രദ്ധിക്കാറുണ്ട് .എന്നാലും ഇടക്കൊക്കെ തെറ്റും. പലതും കൂട്ടുകാര്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്. ചിലത് അശ്രദ്ധ മൂലവും ചിലത് അറിവില്ലായ്മ മൂലവും. അശ്രദ്ധ മൂലം സംഭവിച്ചത് പറഞ്ഞില്ലെങ്കിലും അറിവില്ലായ്മ മൂലം എഴുതിയതാണെന്ന് തോന്നിയാല്‍ പ്രിയകൂട്ടുകാര്‍ തീര്‍ച്ചയായും അതെന്‍റെ ശ്രദ്ധയില്‍ പെടുത്തണം.. 
രഞ്ജിനി ഹരിദാസിന്‍റെ ഭാഷയെ കുറ്റം പറഞ്ഞു ഒരുത്തനിട്ട പോസ്റ്റിലെ എട്ടു അക്ഷരതെറ്റുകള്‍ ചൂണ്ടി കാട്ടി താങ്കളും അവരും തമ്മിലുള്ള വ്യത്യസം എന്താണെന്ന് ചോദിച്ചതിനു എന്നെ ഒരുത്തന്‍ തടസ്സപ്പെടുത്തി (ബ്ലോക്ക്‌ ) കളഞ്ഞു .
മലയാള ഭാഷ തൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു കിളികൊഞ്ചും നാടിന്‍റെ ഗ്രാമീണ ശൈലി നിൻ പുളിയിലക്കര മുണ്ടിൽ തെളിയുന്നു ....

ചാറ്റ് ----

നിങ്ങളെ പോലെ തന്നെ ഞാനും ചാറ്റില്‍ ഹരിശ്രീ കുറിക്കുന്നത് യാഹൂ മെസ്സെഞ്ചറില്‍ നിന്ന് തന്നെയാണ്. എത്ര റൂമുകള്‍,എത്ര ഫൈക്കുകള്‍ , എത്ര രാജ്യക്കാര്‍.. !!!!!..ഏതെങ്കിലും ഒരു ചാറ്റ് റൂമില്‍ കയറി സ്ത്രീകളുടെ പേര് ആണ് എന്ന് തോന്നുന്ന ചാറ്റ് വിന്‍ഡോയില്‍ ഒരു ഹായ് പറയും.. തിരിച്ചു ഇങ്ങോട്ട് ഒരു ഹായ് കിട്ടിയാല്‍ പിന്നെ ഒരു തകര്‍ക്കലാണ്. സത്യം പറയാലോ എനിക്ക്ടൈപ് ചെയ്യാന്‍ സ്പീഡ് കിട്ടിയത് ഈ ചാറ്റ് റൂമില്‍ ആക്റ്റീവ് ആയതുകൊണ്ട് മാത്രമാണ്.. 

മലയാള ചാറ്റ് റൂമില്‍ കയറിയാല്‍ നമ്മുടെ നിഘണ്ടുവില്‍ ഇല്ലാത്ത കുറെ തെറികള്‍ പഠിക്കാം എന്നൊരു മെച്ചമുണ്ട് . ഒരിക്കല്‍ ഒരു എഴുത്തുകാരന്‍ പറഞ്ഞിരുന്നു മലയാളികളുടെ സംസ്കാരം അറിയാന്‍ ചുമ്മാ ഒരു പബ്ലിക് ചാറ്റ് റൂമില്‍ കയറിയാല്‍ മതിയെന്ന്. മലയാളത്തില്‍ ഉള്ള അത്യാവശ്യം തെറികളെല്ലാം പഠിച്ചതിനു ശേഷമാണ് വിദേശ തെറികള്‍ പഠിക്കാനായി അന്യരാജ്യങ്ങളുടെ ചാറ്റ് റൂമുകളില്‍ കയറി നിരങ്ങാന്‍ തുടങ്ങിയത്. 
ഇന്തോനേഷ്യയില്‍ നിന്നും ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എനിക്ക്. ഒരിക്കല്‍ അവളോട്‌ വീഡിയോ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആണ് അവിടെ രണ്ടാമതും സുനാമി ഉണ്ടായത്. ഞാന്‍ കണ്ടു അവളുടെ റൂമിലേക്ക്‌ കയറി വരുന്ന ഒരു സുനാമി തിരമാലയെ.. :P ഇന്തോനേഷ്യന്‍ ഭാഷയില്‍ അബ്ബാസിക്കാ രക്ഷിക്കൂ എന്നും വിളിച്ചു കരയുന്ന അവള്‍ തിരമാലയില്‍ ഒലിച്ചു പോകുന്നത് കാണാന്‍ വയ്യാതെ ഞാന്‍ ഫിലിപൈന്‍സ് ചാറ്റ് റൂമിലേക്ക്‌ കടന്നു. :)))പിന്നീട് അവളുടെ ഓര്‍മ നില നിര്‍ത്താനായി ഞാന്‍ എന്‍റെ ചാറ്റ് ഐഡിയുടെ പാസ് വേര്‍ഡ്‌ കുറെ കാലം "tsunami " എന്നാക്കി മാറ്റി. 

അതിനു ശേഷമാണ് ജി ടാള്‍കിലേക്ക് തിരിയുന്നത്.കുറച്ചും കൂടെ സൌകര്യം. ഒരുപാട് കൂട്ടുകാരെ കിട്ടി. അന്നൊക്കെ മെയില്‍ നോക്കുന്നതും ചാറ്റ് ചെയ്യുന്നതും ഒരുമിച്ചായിരുന്നു.ചാറ്റിനെ കുറിച്ച് പറയുമ്പോള്‍ സ്മൈലികളെ വിസ്മരിക്കുന്നത് നന്ദി കേടാവും .കാര്‍ഷിക മേഘലയില്‍ ഒരു ട്രാക്റ്റര്‍ ചെയ്യുന്ന അതെ ഉപകാരമാണ് ചാറ്റില്‍ സ്മൈലികള്‍ ചെയ്യുന്നത്. രണ്ടാളെ വിളിച്ചു ടൈപ് ചെയ്യിക്കേണ്ടത് ഒരൊറ്റ സ്മൈലിയില്‍ ഒതുക്കാം.. 
പിന്നീടു ഓര്‍ക്കുട്ട് കാലഘട്ടം. ഓര്‍ക്കുട്ടില്‍ ചാറ്റ് വിന്‍ഡോ ഓപ്പണ്‍ ചെയ്‌താല്‍ കൂട്ടുകാര്‍ ആരെങ്കിലുമൊക്കെ ഉണ്ടാകും. അപ്പോഴേക്കും ചാറ്റാനുള്ള ആക്രാന്തം ഏകദേശം തീര്‍ന്നിരുന്നു. ഗ്രൂപ്പിലൂടെ പരിചയപ്പെടുന്ന നല്ല കൂട്ടുകാരെ പിന്നീടു ചാറ്റില്‍ കണ്ടു മുട്ടും.. കൂടുതല്‍ വിശേഷങ്ങള്‍ എല്ലാം പങ്കുവെക്കും. 

അതിനിടക്ക് ചിലകൂട്ടുകാരികളെ കിട്ടും.നമ്മള്‍ വിശ്വസിക്കാന്‍ കൊള്ളുന്നവന്‍ ആണെന്ന് അവര്‍ക്ക് ബോധ്യമായാല്‍ പിന്നെ ഒരു പരമ്പരാഗത ഡയലോഗ് കീച്ചും. ഇക്ക എനിക്ക് എന്‍റെ ചെട്ടനെപോലെയാണ്. അതുകൊണ്ട് മാത്രമാണ് ഞാനിക്കാര്യം പറയുന്നത് ..പിന്നെ അവരുടെ സങ്കടങ്ങള്‍ നിരത്തുകയായി.. ഹം..ഹം ..എന്ന് മൂളി നമ്മള്‍ പണ്ടാരടങ്ങും.. എനിക്ക്പ്രിയപ്പെട്ട ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. അവരോടു ചാറ്റില്‍ നമ്മള്‍ കഷ്ട്ടപെട്ടു നല്ലൊരു തമാശ ടൈപ്പി കൊടുത്താല്‍ അവര്‍ റിപ്ലേ ചെയ്യും ഒകെ എന്ന്. അപ്പോള്‍ വരുന്ന കലി.കുറെ കൂട്ടുകാരെ കിട്ടിയിട്ടുണ്ട് ജി ടാള്‍ക്കില്‍ നിന്നും. അവരില്‍ പലരും ഇപ്പോഴും ജീവിതത്തിന്‍റെ ഭാഗമാണ് എന്നത് സന്തോഷമുള്ള കാര്യം. പിന്നീട് ഫേസ് ബുക്കില്‍ എത്തിയപ്പോള്‍ ഗ്രൂപ്പ് ചാറ്റിനു വേണ്ടി മാത്രം ഞങ്ങള്‍ കൂട്ടുകാര്‍ ഒരു ഗ്രൂപ്പ് തുടങ്ങി. എല്ലാവരും പുലികള്‍ ആയതുകൊണ്ട് ലോല്‍ എന്ന് ടൈപാനെ സമയം കിട്ടുമായിരുന്നുള്ളൂ.. പിന്നെ പിന്നെ എന്തേലുമൊക്കെ ടൈപ്പി വാള്ളില്‍ പോസ്റ്റാന്‍ തുടങ്ങിയപ്പോള്‍ ചാറ്റില്‍ നിന്നും പതിയെ പിന്മാറി.ഇപ്പോള്‍ പുതിയതായി കിട്ടുന്ന കൂട്ടുകാര്‍ പരിചയപ്പെടാനായി ചാറ്റില്‍ വരുമ്പോള്‍ ഞാനും കഴിയുന്ന അത്ര അവരോടു സംസാരിക്കാറുണ്ട് . അപ്പോഴേക്കും ഏതെങ്കിലും നോട്ടിഫികേഷന്‍ വരും.. പിന്നെ അങ്ങോട്ട്‌ ഓടും.. 
അപ്പുറത്ത് ഇരികുന്നവരോട് നന്നായി ചാറ്റുക എന്നത് ഒരു കലയാണ്‌. .. !!.പലപ്പോഴും ഒരു നല്ല സൌഹൃദം തുടങ്ങുന്നതിനും മനസ്സ് തുറന്നുള്ള ഒരു ചാറ്റ് നിമിത്തം ആയേക്കാം.. 

പച്ച ലൈറ്റ് കത്തിച്ചിരിക്കുന്ന സുഹൃത്തുക്കളെ ASL പ്ലീസ്..

ലൈക്കിന്റെ കഥ -


സുന്ദരിയും,വിധവയുമായ സ്റ്റാറ്റസിനു മൂന്നു മക്കളായിരുന്നു .ഒരു മോള്‍ -പേര് ലൈക്.രണ്ടു ആണ്‍കുട്ടികള്‍.---,കമെന്റും ,ഷെയറും...
വളരെ കഷ്ട്ടപെട്ടാണ് സ്റ്റാറ്റസ് തന്‍റെ മൂന്നു മക്കളെയും വളര്‍ത്തികൊണ്ടു വന്നത് .
ഓരോ പ്രൊഫൈലിന്റെ ഇന്ബോക്സിലും പോയി സ്റ്റാറ്റസ് തന്‍റെ ലിങ്കുമായി കൈനീട്ടി..
പെണ്‍കുട്ടി ആയതുകൊണ്ടാണോ എന്തോ ആളുകള്‍ക്കെല്ലാം ഇഷ്ട്ടം ലൈകിനെ ആയിരുന്നു. വഴിയിലൂടെ പോകുന്നവരും വരുന്നവരുമെല്ലാം ലൈകില്‍ ക്ലിക്കും.

ഒരിക്കല്‍ ലൈക് അമ്മയോട് പരാതി പറഞ്ഞു. അമ്മെ ആളുകള്‍ പലപ്പോഴും അവര്‍ക്ക് ഇഷ്ട്ടമില്ലാഞ്ഞിട്ടു കൂടി എന്നെ തോണ്ടുന്നു,പിച്ചുന്നു.....!!!
അമ്മ അവളോട് പറഞ്ഞു ..നീ ഒരു പെണ്‍കുട്ടിയാണ് ..നിന്നെ സൂക്ഷിക്കേണ്ടത് നീ തന്നെയാണ്.. വേറെ ഒരാള്‍ക്കും നിന്നെ സംരക്ഷിക്കാന്‍ ആവില്ല. ......

കാലമങ്ങിനെ കഴിഞ്ഞു പോകവേ കുട്ടികളുടെ സ്കൂളിലെ കായിക ദിനം വന്നണഞ്ഞു. ലോങ്ങ്‌ ജമ്പ് മത്സരത്തില്‍ പങ്കെടുത്ത ലൈക്കിന്റെ ആദ്യ ചാട്ടം ഫൌള്‍ ആയി.. രണ്ടാമത്തെ ചാന്‍സില്‍ ഒരുപാട് ദൂരെ നിന്നും വാശിയോടെ ഓടിവന്നു ചാടിയ ലൈക് നിലവിലെ സ്കൂള്‍ റെക്കോര്‍ഡ് തകത്തെങ്കിലും അവളുടെ ജീവിതവും അവിടെ തകരുകയായിരുന്നു. ഓടി വന്നു ചാടിയ പാവം ലൈക്കിന്റെ ഗര്‍ഭപാത്രം എങ്ങോട്ടോ തെറിച്ചു പോയി.. വിഷമം സഹിക്കവയ്യാതെ ലൈക് ഗ്രൗണ്ടില്‍ തളര്‍ന്നിരുന്നു... :"(

അന്ന് മുതലാണത്രേ ലൈക്കുകള്‍ക്ക് കുട്ടികള്‍ ഉണ്ടാവാതായത്. കമെന്റും ഷെയറും വീണ്ടും വീണ്ടും മക്കളെ സൃഷ്ട്ടിച്ചപ്പോള്‍ ലൈകിനു മാത്രം മക്കളുണ്ടായില്ല.
ശുഭം..

പണിയോന്നുമില്ലാതെയിരുന്ന ഖത്തര്‍ കായിക ദിന ചിന്ത . 

 

ഒരു പേരില്‍ എന്തിരിക്കുന്നു.....?????????

ഉമ്മാന്‍റെ കടിഞ്ഞൂല്‍ പ്രസവം ആയതുകൊണ്ട് എന്‍റെ ജനനം നാട്ടു നടപ്പ് അനുസരിച്ച് ഉമ്മാന്‍റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു.ഉമ്മാന്‍റെ ഉമ്മ എനിക്ക് മുജീബ് റഹ്മാന്‍ എന്ന് പേരും വിളിച്ചു .ഞങ്ങളെ കുട്ടിക്ക് ഞങ്ങളാണ് പേര് ഇടേണ്ടത് എന്നും പറഞ്ഞു ഉപ്പാന്‍റെ ഉമ്മ എനിക്ക് അബ്ബാസ് എന്ന് പുനര്‍നാമകരണം നടത്തി.. ഒരു കണക്കിനത്‌ നന്നായി.. അല്ലെങ്കില്‍ അബ്ബാസ്.....കുബ്ബൂസിനെ പ്രണയിക്കേണ്ടി വന്നവന്‍ എന്നതിന് പകരം എന്‍റെ മനസാക്ഷിക്ക് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത രീതിയില്‍ മുജീബ് ......മജ്ബൂസിനെ പ്രണയിക്കുന്നവന്‍ എന്ന് ഞാന്‍ ഫേസ് ബുക്ക് പേര് വെക്കേണ്ടി വന്നേനെ.. ഇത്രയും വ്യത്യസ്തമായ മനോഹരമായ പേരുകള്‍ ഉള്ള സ്ഥലം കേരളമല്ലാതെ വേറെ ഉണ്ടോ എന്ന് സംശയമാണ്. എന്തെല്ലാം പേരുകള്‍. ..,പേര് കേട്ടാല്‍ തന്നെ ഒറ്റയടിക്ക് അവരുടെ ജാതിയും,മതവും കുടുംബ പേരും എല്ലാം മനസ്സിലാവും.. മറ്റുള്ള രാജ്യക്കാര്‍ എല്ലാം സ്വന്തം അച്ഛന്റെ പേര് കൂടെ കൊണ്ട് നടക്കുമ്പോള്‍ നമ്മളധികവും കുടുംബ പേരും ജാതി പേരുമാണ് കൂടെ കൊണ്ട് നടക്കുന്നത്. 
മതമില്ലാത്തവര്‍ക്കു ഇന്നും പ്രിയപ്പെട്ട പേര് ജീവന്‍ എന്നത് തന്നെ. ഷഹനാസ് ഒറ്റക്കല്‍ എന്ന് കണ്ടു ഏതോ യുവ കവിയത്രി ആണെന്ന് കരുതി ചാടി ഫ്രെണ്ട് റിക്യുസ്റ്റ് അക്സെപ്റ്റ് ചെയ്ത ഞാന്‍ ഒരു പൊട്ടനെ കണ്ടു ഞെട്ടി :) ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു പേരാണ് ഷഹനാസ്. ബാബു എന്ന പേര് മതേതരത്വമുള്ള പേരാണെങ്കില്‍ ഷാജി എന്ന പേര് മതേതരത്വവും,ലിംഗ സമത്വവും ഉള്ള പേരാണ്. 
"ഷ" വെച്ച് തുടങ്ങുന്ന പേര് എന്താണെന്നറിയില്ല എനിക്ക് നല്ല ഇഷ്ട്ടമാണ്. മൂത്ത പെങ്ങള്‍ക്ക് ഷമീല എന്ന് പേരിടുമ്പോള്‍ എനിക്ക് മൂന്നു വയസു . അതുകൊണ്ട് തന്നെ ആ പേരില്‍ എനിക്ക് പങ്കില്ല എന്ന് നിങ്ങള്ക്ക് മനസ്സിലാവും. പക്ഷെ പിന്നീടു ഷഹനാസ് എന്നും ഷാനിദ എന്നും മറ്റു രണ്ടു പെങ്ങന്മാര്‍ക്കും പേരിട്ടത് ഞാന്‍ തന്നെയാണ്. പെണ്ണ് കാണുമ്പോള്‍ ഇന്ന പേര് ഉള്ള പെണ്‍കുട്ടി വേണം എന്ന് പറയാന്‍ പറ്റില്ലല്ലോ. പക്ഷെ ജീവിതത്തില്‍ ആദ്യമായി കല്ല്യാണം കഴിക്കാന്‍ വേണ്ടി കണ്ട പെണ്ണിന്‍റെ പേര് ഷംല . കല്യാണം ഉറപ്പിക്കാന്‍ കാരണം ആ പേരല്ലെങ്കിലും ഷംല എന്ന പേരിനു വാലായി എന്‍റെ പേര് അന്ന് മുതല്‍ അവളുടെ ഒപ്പം ഉണ്ട്. 
ആണ്‍കുട്ടികള്‍ക്ക് ഷാന്‍ എന്ന പേര് എനിക്കിഷ്ട്ടമാണ്. മോന്‍ ജനിച്ചപ്പോള്‍ പല പേരുകളും ആലോചിച്ച കൂട്ടത്തില്‍ ഷാന്‍ എന്നും ആലോചിച്ചിരുന്നു.പക്ഷെ കുടുംബത്തില്‍ അതെ പേരില്‍ ഒരു കുട്ടി ഉള്ളതോണ്ട്‌ അത് വേണ്ടെന്നു വെച്ചു. നല്ലൊരു പേര് നിര്‍ദേശിക്കാന്‍ കുട്ടിക്കയോട് ആവശ്യപ്പെട്ടപ്പോള്‍ കുട്ടിക്ക പറഞ്ഞു അബ്ബാസേ നമുക്കവന് മുഹമ്മദ്‌ മാര്‍ലി എന്ന് പേരിടാമെന്നു. മാര്‍ലി ഞങ്ങളുടെ പൈപിന്‍റെ ബ്രാന്‍ഡ് നെയിം ആണ്.കുട്ടിക്ക ആയതോണ്ട് ഒന്നും പറയാന്‍ പറ്റില്ല. ലോക കപ്പ്‌ ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുന്ന ആ സമയത്ത് ഫ്രാന്‍സിന്‍റെ സിനദിന്‍ സിദാന്‍ ആയിരുന്നു താരം. എന്‍റെ എക്കാലത്തെയും ഫെവറിറ്റ് . എന്നാല്‍ പിന്നെ അതങ്ങ് ഉറപ്പിക്കാം എന്ന് കരുതി . വീട്ടിലേക്കു ആ പേര് വിളിച്ചു പറഞ്ഞു ഫൈനല്‍ മത്സരം കാണാന്‍ ഇരുന്ന എന്‍റെയുംകൂടെ നെഞ്ചിന്‍ കൂടിനാണ് അന്ന് സിദാന്‍ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിട്ടകൂട്ടത്തില്‍ ഇടിച്ചത്. ഭാഗ്യം അതിനടുത്ത ലോക കപ്പില്‍ എനിക്ക് കുഞ്ഞു ജനിക്കഞ്ഞത്. ആ ലോക കപ്പില്‍ എന്‍റെ ഫേവറിറ്റ് ബ്രസീലിന്റെ കാക്ക യായിരുന്നു :) 
നേപ്പാളികളുടെ പേര് കേട്ടാല്‍ ചിരി വരും,നമ്മുടെ പേര് കേട്ട് അവരും ചിരിക്കുന്നുണ്ടാകാം. ചക്ര,പങ്ക,ബുവലാല്‍.. അങ്ങിനെ അങ്ങിനെ .. അവര് ചോറ് ഉണ്ണുമ്പോള്‍ എന്ത് കറിയുണ്ടെങ്കിലും കുറച്ചു പരിപ്പ് കറി കൂടി ഉള്ളത് പോലെ എന്ത്കൂ പേരിട്ടാലും അതിന്റെ കൂടെ ഒരു ബഹദൂറും കൂടി ഉണ്ടാവും.. 
പേര് വിശേഷങ്ങള്‍ ഇനിയും ഒരുപാടുണ്ട്. പക്ഷെ എഴുത്തിന്‍റെ നീളം കൂടുന്നത് എന്നെ വായിക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന പേടിയുള്ളതുകൊണ്ട് എന്‍റെ മനസ്സിലെ നടക്കാത്ത ഒരു സ്വപ്നം നിങ്ങളോട് പങ്കു വെച്ചു ഞാന്‍ നിറുത്തുന്നു. 
ആളുകള്‍ക്കെല്ലാം പേരിനു പകരം നമ്പരുകള്‍ വരുന്ന ഒരു കാലം.. പേര് കേട്ട് ഇവനേതു മതമാണെന്ന് ആര്‍ക്കും മനസ്സിലാവാത്ത ഒരു കാലം. അതാണ്‌ എന്‍റെ സ്വപ്നം. . അബ്ബാസ് ഒരു വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ .. ആ.... അബ്ബാസ് അവന്‍ മുസ്ലിം. അവങ്ങിനെ തന്നെയേ പറയു. വര്‍ഗീയ വാദി.. എന്നാല്‍ പത്തെപതിമൂന്നു (1013) ആയ ഞാന്‍ ഒരു പോസ്ടിട്ടാല്‍ ശരിയാണല്ലോ .അവന്‍ പറഞ്ഞതില്‍ ഒരു കാര്യമുണ്ടല്ലോ എന്ന് ചിലപ്പോള്‍ ആളുകള്‍ ചിന്തിക്കും. 
നിങ്ങളെ തിരിച്ചറിയാനാണ് നിങ്ങളുടെ പേരുകള്‍.. ...അല്ലാതെ നിങ്ങളുടെ ജാതിയോ മതമോ ,കുടുംബ മഹിമയോ അറിഞ്ഞിട്ടു ആര്‍ക്കും ഒന്നും കിട്ടാനില്ല.ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃത ശരീരം പേര് നോക്കി ജാതി തിരിച്ചല്ലല്ലോ സംസ്കരിക്കുന്നത്. ഒരു മതത്തില്‍ അല്ലെങ്കില്‍ ഒരു ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് ആ മതത്തിന്‍റെ ലിസ്റ്റില്‍ പെട്ട പേര് കിട്ടിയ നമ്മള്‍ ആ പേര് കൊണ്ടല്ല ആ മതത്തിന്‍റെ മഹത്വം പറഞ്ഞു നടക്കേണ്ടത്‌ ..നമ്മുടെ പ്രവര്‍ത്തികള്‍ കൊണ്ടാണ് എന്ന് എന്നെ തന്നെ ഉപദേശിച്ചുകൊണ്ടു ഞാന്‍ നിറുത്തുന്നു. നമസ്കാരം.. അയ്യേ മുസ്ലിങ്ങള്‍ പറയേണ്ടത് അസ്സലാമു അലൈകും എന്നാ .. സലാം .

കള്ള് ഷാപ്പ്.

 കള്ള് ഷാപ്പ്

ലൈസന്‍സ് നമ്പ്ര്-1013 

കാഞ്ഞിരപ്പുഴ.. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാഹോദര്യ ഐക്യം നില നില്‍ക്കുന്ന ഒരു സ്ഥാപനം.. വിളമ്പുന്നവര്‍ക്കോ കുടിക്കുന്നവര്‍ക്കോ യാതൊരു വിധ ഡ്രസ്സ്‌ കോഡുമില്ല.ഒരു നാടന്‍ സംഗീത നാടക അക്കാദമി എന്ന് തന്നെ പറയാം. എരിവുള്ളത്‌ കഴിക്കാനും കേള്‍ക്കാനും പറ്റിയ സ്ഥലം. കപ്പ ഏറ്റവും ഹൃദ്യമായി കഴിക്കാന്‍ പറ്റുന്ന സ്ഥലം. നാടന്‍ പാട്ടുകളുടെ ആശാന്മാരുടെ ആദ്യ കളരി.. പ്രകൃതിദത്തമായ കൂളിംഗ്‌ സംവിധാനം ..തൊട്ടടുത്ത്‌ തന്നെ ഒരു പെട്ടികട ഉള്ളതോണ്ട്‌ മുറുക്കാന്‍ വാങ്ങാനും ബീഡി വലിക്കാനും എങ്ങും പോവണ്ട. ധാര്‍മിക രോഷം ഫേസ് ബുക്കില്‍ തീര്‍ക്കുന്ന പോലെ ആത്മരോഷം ഇവിടെ തീര്‍ക്കാം. കടം കുടിക്കരുത് എന്നെ നോട്ടീസ് ഉള്ളൂ രാഷ്ട്രീയം പറയരുതെന്ന് എവിടേം എഴുതി വെച്ചിട്ടില്ല. ഇറച്ചി കറിക്ക് ഒരിടത്നിന്നും കിട്ടാത്ത മണം ...പാമ്പുകള്‍ ചുറ്റിനുമുണ്ടാകാം ..പക്ഷെ അങ്ങോട്ട് ഉപദ്രവിച്ചാലും ഇങ്ങോട്ടു ഉപദ്രവിക്കില്ല. 

കള്ള് ഷാപ്പ് മുതലാളിയുടെ മോളുടെ കല്യാണമായിരുന്നു ഇന്നലെ .കസ്റ്റമെര്‍സിനെ മാത്രമേ മുതലാളി കല്ല്യാണം വിളിച്ചിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ക്ഷണം ഇല്ലായിരുന്നു. വേണേല്‍ വിശ്വസിച്ചാല്‍ മതി.