താളുകള്‍

Showing posts with label പ്രവാസം. Show all posts
Showing posts with label പ്രവാസം. Show all posts

Friday, 5 April 2013

അവധി

അവധി കഴിഞ്ഞു തിരിച്ചു പ്രവാസത്തിലേക്ക് തന്നെ മടങ്ങാന്‍ ആവുമ്പോള്‍ അവസാനത്തെ ഒന്നോ രണ്ടോ ദിവസങ്ങളില്‍ ചെയ്യുന്നത്.. ........
=അവളുടെ ഒരു ചെറിയ മാല അല്ലെങ്കില്‍ ഒരു വള വാങ്ങി പണയം വെക്കും - കരളു പറിച്ചു തരാന്‍ പറഞ്ഞാല്‍ പറിച്ചു തരുന്ന സമയം ആയതോണ്ട് ഒരെതിര്‍പ്പും ഇല്ലാതെ സാധനം കിട്ടും.. :)
=ഒരു ക്ലിനിക്കില്‍ പോയി കൊളെസ്ട്രോളും ,ഷുഗറും ഒന്ന് ചെക്ക് ചെയ്യും- നാട്ടില്‍ എത്തിയ ഉടനെ അതെല്ലാം ചെക്ക് ചെയ്തിട്ടു
അഥവാ കൂടുതല്‍ ആണേല്‍ അക്കൊല്ലത്തെ അവധി തന്നെ വെറുതെ ആവില്ലേ? ബീഫും ,ബിരിയാണിയുമൊക്കെ പിന്നെ ആര്‍ക്കു തിന്നാനാ ?
= കണ്ണട ഒന്ന് മാറ്റി വാങ്ങും - സ്ഥിരമായി ഉപയോഗിക്കാത്ത സാധനം ആയതോണ്ടും തിരിച്ചു പോരാന്‍ ആയതുകൊണ്ട് കാണുന്നതിനെല്ലാം ഒരു മങ്ങല്‍ അനുഭവപ്പെടുന്നതുകൊണ്ടും ആ ദിവസങ്ങളിലെ കണ്ണടയെ കുറിച്ച് ഓര്‍ക്കൂ..
= ബേക്കറിയില്‍ പോയി കുറച്ചു കറുത്ത ഹലുവയും, മഞ്ഞ ഹലുവയും ,ചിപ്സും വാങ്ങും- അതോരോ കഷ്ണം കൊടുത്താല്‍ മതി കേരളത്തിന്‍റെ മധുരം പിന്നെ ഒരു രാജ്യക്കാരും മറക്കില്ല.

= അഞ്ചാറ് തോര്‍ത്ത്‌ മുണ്ടും കുറച്ചു കര്‍ചീഫും വാങ്ങും - കൂട്ടുകാര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും ചെലവ് കുറഞ്ഞ സമ്മാനം എന്നാല്‍ അവര്‍ക്കത്‌ എന്നും ഉപകാരപ്പെടുകയും ചെയ്യും . അങ്ങനെ പല കൂട്ടുകാരും പലപ്പോഴായി തന്ന തോര്‍ത്തുമുണ്ട് റൂമിലെ അലമാരയില്‍ സ്റ്റൊക്ക് ഉള്ളതും കൂടി ആ സമയത്താണ് വിതരണം ചെയ്തു തീര്‍ക്കല്‍.
= ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാച്ച് അനിയനോ ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ കൊടുത്തു ഒരു വില കുറഞ്ഞ വാച്ചു വാങ്ങി കയ്യില്‍ കെട്ടും - അതുകൊടുക്കാഞ്ഞാല്‍ ഉള്ള പ്രശ്നം വീട്ടീന്ന് ഇറങ്ങാനായത് മുതല്‍ ആരെങ്കിലും ഒക്കെ ഇടയ്ക്കിടയ്ക്ക് സമയം ചോദിച്ചുകൊണ്ടേ ഇരിക്കും .. ആ വാച്ച് ഇപ്പോളും നിന്‍റെ കയ്യില്‍ തന്നെയാണുകെട്ടോ എന്ന ഓര്‍മപ്പെടുത്തലായി

= വേണ്ടപ്പെട്ടവര്‍ക്കെല്ലാം വിളിച്ചു യാത്ര പറയും - ഇപ്പ്രാവശ്യത്തെ തിരക്കും കാണാന്‍ പറ്റാത്തതിലുള്ള വിഷമവും എല്ലാം പറഞ്ഞു അടുത്ത വരവിനു തീര്‍ച്ചയായും കാണാം എന്ന ഒരു ഭംഗിവാക്കും കൂട്ടിച്ചേര്‍ക്കും.
= മൊബൈലില്‍ നിന്നും സിം,മെമ്മറി കാര്‍ഡ് മുതലായവ ഊരി മാറ്റി വരുമ്പോള്‍ ഒരു മൊബൈല്‍ കൊണ്ട് വരണേ എന്ന് പറഞ്ഞു വെച്ചവരില്‍ നിന്നും മുന്‍ഗണനാ ക്രമം അനുസരിച്ച് ഒരാളെ തിരഞ്ഞെടുത്തു അയാള്‍ക്ക്‌ കൊടുക്കും ..
=കെ ആര്‍ ബേക്കറിയില്‍ നിന്നും ഒരു പപ്സും ,ഷാര്‍ജ ഷൈകും വാങ്ങി കഴിച്ചു അതിന്‍റെ രുചി അടുത്ത ഒരു വര്‍ഷതെയ്ക്കായി സേവ് ചെയ്തുവെക്കും..

=ഒരു കിന്‍റെര്‍ ജോയി വാങ്ങി മോന് കൊടുക്കും.. കൂടെ ഒരു ഉപദേശവും ..ഇപ്പപ്പന്‍റെ കയ്യില്‍ എപ്പോളും കാശ് കാണണമെന്നില്ല അതോണ്ട് എങ്ങൊട്ടെലും പോകുമ്പോള്‍ കിന്‍റെര്‍ ജോയി വേണം എന്നൊക്കെ പറഞ്ഞു വാശി പിടിക്കരുതുട്ടോ ..
= മാര്‍ക്കറ്റില്‍ നിന്നും മുഴുത്ത മാങ്ങ രണ്ടു കിലോ വാങ്ങി ഭദ്രമായി പൊതിഞ്ഞു വെക്കും - മാനേജര്‍ക്ക് കൊടുക്കാനായി.. കൊടുക്കുമ്പോള്‍ മാനേജരോട് പറയാനുള്ള ഡയലോഗ് അപ്പഴേ മനസ്സില്‍ കരുതും.... സാറിനു വേണ്ടി എന്‍റെ ഉപ്പ ഞങ്ങളെ മുറ്റത്ത്‌ നട്ടുവളര്‍ത്തിയ മാവില്‍ ഉണ്ടായ മാങ്ങയാണ്‌ ..
=കൂട്ടുകാര്‍ക്ക് കൊടുക്കാനായി വാങ്ങിയ ഇറച്ചി വരട്ടുമ്പോള്‍ അടുക്കളയില്‍ ചുറ്റി പറ്റി നിക്കും. ഉമ്മ അപ്പഴേ പറയും ഇതവിടെ എത്തിയാല്‍ നിന്‍റെ കൂട്ടുകാര്‍ക്ക് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല :)

= അക്കൊല്ലത്തെ അവസാനത്തെ അത്താഴത്തില്‍ ഇച്ചിരി ഉപ്പു കൂടുതലായി തോന്നിയാല്‍ ഞാന്‍ ഒന്നും പറയാറില്ല. ഒന്നുങ്കില്‍ ഉമ്മാന്റെ അല്ലെങ്കില്‍ അവളുടെ കണ്ണുനീര്‍ വീണതുകൊണ്ടാവാം കറിയില്‍ കുറച്ചു ഉപ്പു കൂടിപ്പോയത് എന്നെനിക്കറിയാം.. നിങ്ങള്‍ക്കും..
 Unlike ·  · Unfollow Post · Share · Promote
You, Shajil Chevitichi Chakkara, Sadikh Anchal, Najimudeen Naiju and 1,513 others like this.

കാഞ്ഞിരപ്പുഴയുടെ കഥ.......


പണ്ട് പണ്ട് ഒരു നാട്ടില്‍ ഒരു പുഴയുണ്ടായിരുന്നു."കാഞ്ഞിരപ്പുഴ". അവളങ്ങിനെ എന്നും മനോഹരമായി ഒഴുകികൊണ്ടിരുന്നു. സ്വസ്ഥമായി ,സ്വതന്ത്രയായി.. അവള്‍ക്കാരോടും ഒരു ഉത്തരവാദിത്യവും ഇല്ലായിരുന്നു . അവള്‍ക്കു തോന്നുന്നത് പോലെ അവളോഴുകി. ചിലപ്പോള്‍ കരകവിഞ്ഞും,ചിലപ്പോഴൊക്കെ ഒരു നീര്‍ ചാലായും .. 

ഒരിക്കല്‍ സര്‍ക്കാര്‍ അവള്‍ക്കു കുറുകെ ഒരു അണക്കെട്ട് കെട്ടി. അതോടെ തീര്‍ന്നു അവളുടെ എല്ലാ സ്വാതന്ത്ര്യവും. അവര്‍ അവളെ കുറേശ്ശേയായി ഒരു കനാലിലൂടെ പറഞ്ഞയച്ചു അവരുടെ കാര്‍ഷികവും,അല്ലാത്തതുമായ ആവശ്യങ്ങള്‍ നടത്തും. വര്‍ഷത്തില്‍ ഒരിക്കല്‍ മഴ തിമിര്‍ത്തു പെയ്താല്‍ കുറച്ചു ദിവസത്തേയ്ക്ക് അവളെ തുറന്നു വിടും,അന്നവള്‍ പഴയ മധുരിക്കുന്ന ഓര്‍മകളുമായി കുറച്ചു ദിവസം ശക്തമായി ഒഴുകും..

എന്‍റെ കഥ...........
മുകളിലെ കഥയിലെ കാഞ്ഞിരപുഴയ്ക്കു പകരം എന്‍റെ പേര് ചേര്‍ക്കുക, അണക്കെട്ടിനു പകരം പ്രവാസം എന്നും വായിക്കുക.
കാഞ്ഞിരപ്പുഴയുടെയും എന്‍റെയും കഥ ഒന്ന് തന്നെ. ധര്‍മ്മവും.. :
 

വിസ -


 ദോഹയിലെ മൃഗ ശാലയില്‍ പുതിയതായി വന്ന ഇന്ത്യന്‍ കടുവ തനിക്കു കഴിക്കാനായി കിട്ടിയ പഴവും,ആപ്പിളും,നിലക്കടലയും കഴിക്കാതെ നിരാഹാരം കിടന്നു പ്രതിക്ഷേധം പ്രകടിപ്പിച്ചപ്പോള്‍ കടുവയുടെ നോട്ടക്കാരന്‍ അതിനോട് പറഞ്ഞു.......
നീ കടുവ ആയിരിക്കാം.. കാട്ടിലെ വെല്ല്യ ആളുമായിരിക്കാം . പക്ഷെ നീ ഇങ്ങോട്ട് വന്ന വിസ കുരങ്ങന്‍റെതാണ് .

(കേട്ട് മറന്ന കഥക്ക് കടപ്പാട് )

ഒരു സാധാരണ പ്രവാസിയുടെ ഫ്രിഡ്ജ് :P

മുകളിലെ ചെറിയ ഡോര്‍ തുറന്നാല്‍ കാണാം
 മഞ്ഞു മൂടി കിടക്കുന്ന ഒരു ചെറു മലനിര.
എന്നോ അന്തരിച്ച ഒരു കോഴി.
പരസ്പരം കെട്ടി പിടിച്ചു കിടക്കുന്ന
ചുവന്ന കണ്ണുകളുള്ള ഒരഞ്ചാറു മത്തി.

താഴെയുള്ള വലിയ ഡോര്‍ തുറക്കുമ്പോള്‍ തന്നെ 
വലിയ രണ്ടു പാറ്റകള്‍ എങ്ങോട്ടോ ഓടി മറയുന്നത് കാണാം.
അകത്തേയ്ക്ക് നോക്കിയാലോ.....
പുറം ഭാഗം ഒരിക്കലും കഴുകിയിട്ടില്ലാത്ത 
കരിപിടിച്ച ഒരു പാത്രത്തില്‍ കുറച്ചു കോഴി കറി..
തൈര് വാങ്ങിയ ചെറിയ പ്ലാസ്റ്റിക് ബക്കെറ്റില്‍
മഞ്ഞ നിറത്തില്‍ പുളിയില്ലാത്ത കുറച്ചു മോര് കറി 
എന്നും എണ്ണി മാത്രം നുള്ളിയെടുക്കുന്ന 
ഒരു പിടി കറിവേപ്പില 

ഫുഡ്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന കൂട്ടുകാരന്‍
 തന്ന ഡേറ്റ് തീരാനായ ഒരു കുപ്പി മയോണിസ്
ശൈക്കിന്‍റെ വീട്ടിലെ ഡ്രൈവര്‍ തന്ന 
ഒരു പാക്കെറ്റ് ഈത്തപഴം 
നാട്ടീന്നു കൊണ്ട് വന്ന ഒരു കുപ്പി അച്ചാര്‍ 
ഒരു കെട്ടു പപ്പടം.. 
മൊയ്തീന്‍ ഇക്കാന്റെ ഗ്യാസിനുള്ള ഗുളിക..
നാല് മുട്ട 
ഓഫര്‍ ഉള്ളപ്പോള്‍ വാങ്ങിയ ഒരു കവറ് പച്ചക്കറി .
റമദാന്‍ ആണെങ്കില്‍ കുറെ പഴവര്‍ഗങ്ങളും കാണാം 

ഐസിയുവില്‍ കാണുന്ന ഓക്സിജന്‍ കുറ്റിപോലെ
പ്രവാസിയുടെ ഫ്രിഡ്ജില്‍ എപ്പോഴും കാണും 
ജീവന്‍ നിലനിര്‍ത്താനായി ഒരു പാക്കെറ്റ് ഖുബ്ബൂസ് ..

ഫ്രിഡ്ജിനെ ജീവിതവുമായി കൂട്ടി വായിക്കുമ്പോള്‍ 
വലിയൊരു തിരിച്ചറിവ് നമുക്ക് കിട്ടും.. 
ചെറിയൊരു തണുപ്പ് മതി ...........
ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍.. ദിവസങ്ങളോളം നിലനിര്‍ത്താന്‍

കത്ത് -


നാട്ടില്‍ നിന്നും വന്ന കത്ത് അവന്‍ രണ്ടു മിനിട്ടിനുള്ളില്‍ വായിച്ചു തീര്‍ത്തത് കണ്ടു ഞാന്‍ ചോദിച്ചു ..... ഡാ ഇത്ര പെട്ടെന്ന് കത്ത് വായിച്ചു തീര്‍ന്നോ?

ഓ ..അതിനു കത്തില്‍ അക്ഷരങ്ങള്‍ അല്ലല്ലോ ..അക്കങ്ങള്‍ അല്ലെ കൂടുതല്‍ !!!
വളരെ നിഷ്ക്കളങ്കമായിട്ടായിരുന്നു അവന്റെ മറുപടി. :)

പൊക്കിള്‍കൊടി


ജനിച്ചു വീണ എന്റെ പൊക്കിള്‍കൊടി മുറിച്ചു ഉമ്മയുമായുള്ള ബന്ധം അറുത്തുമാറ്റാന്‍ ശ്രമിക്കുന്ന ഡോക്റ്റര്‍മാരുടെ മുഖത്തേയ്ക്കു നോക്കി കൈകാല്‍ ഇട്ടടിച്ചു ഞാന്‍ ഞാന്‍ കരഞ്ഞു പറഞ്ഞു.. അരുതേ എനിക്ക് അധ്വാനിച്ചു ജീവിക്കാന്‍ വയ്യേ . അത് മുറിച്ചു മാറ്റല്ലേ :):):):)

പിന്നീട് പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം നാടുമായുള്ള എന്റെ പൊക്കിള്‍ കൊടി ബന്ധം മുറിച്ചു മാറ്റി എന്നെ ഗള്‍ഫിലേക്ക് കയറ്റി അയക്കാന്‍ നോക്കിയപ്പോളും ഞാന്‍ നിലവിളിച്ചു . അരുതേ എനിക്ക് അധ്വാനിച്ചു ജീവിക്കാന്‍ വയ്യേ....അന്നും ആരുമത് കേട്ടില്ല..

ഇപ്പോള്‍ ഗള്‍ഫുമായുള്ള പൊക്കിള്‍കൊടി ബന്ധം മുറിച്ചു മാറ്റാന്‍ നോക്കുമ്പോള്‍ വീട്ടുകാര്‍ കരയുന്നു.. അരുതേ ഞങ്ങള്‍ക്ക് അധ്വാനിച്ചു ജീവിക്കാന്‍ വയ്യേ :P ഇന്ന് എനിക്കത് കേള്‍ക്കാതിരിക്കാനും വയ്യാ ......