താളുകള്‍

Saturday, 6 April 2013

പാല്‍ചായ പോലൊരു പെണ്‍കുട്ടി..

വീട്ടിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് ചെറിയൊരു വാടക വീടുണ്ട്. കുറെ ദിവസമായിട്ടു താമസക്കാര്‍ ഇല്ലാതെ കിടക്കുന്ന ആ വീട്ടില്‍ ഒരു ദിവസം വൈകുന്നേരം നിറയെ വീട്ടു സാധനങ്ങളുമായി ഒരു മിനി ലോറി വന്നു നിന്നു. നമ്മുടെ നാട്ടില്‍ ആദ്യമായി വരുന്ന ഒരാളെ സഹായിക്കേണ്ടത് നമ്മുടെ കടമയല്ലേ? എന്നിലെ പരോപകാരി സടകുടഞ്ഞു എണീറ്റു . 
പാല്‍ചായ പോലൊരു പെണ്‍കുട്ടി. കാഴ്ചയില്‍ അവളുടെ ഇത്തയാണെന്ന് തോന്നിക്കുന്ന കഞ്ഞിവെള്ളം പോലത്തെ മറ്റൊരു കുട്ടി. താടി നീട്ടി വളര്‍ത്തിയ മത ഭക്തി ഉള്ളതായി തോന്നുന്ന അവരുടെ ഉപ്പ,പിന്നെ കാഴ്ചയില്‍ നല്ല തറവാടിത്വം തോന്നുന്ന ഒരുമ്മ . 
എന്നിലെ പരോപകാരി സട കുടഞ്ഞു തന്നെ നിന്നു.. സാധനങ്ങള്‍ എല്ലാം ഒതുക്കി വെച്ച് ഒരു ചായയും കുടിച്ചാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിയത്‌. പിന്നെ പിന്നെ ആ വീട്ടുകാരുമായി കൂടുതല്‍ അടുത്തു, നമ്മള്‍ ആദ്യമായി ഒരു നാട്ടില്‍ എത്തുമ്പോള്‍ നമ്മളെ ആദ്യമായി സഹായിച്ച ആളെ സാധാരണ ആരും പെട്ടെന്ന് മറക്കാറില്ല. അത് തന്നെയാണ് എനിക്കവിടെയുള്ള അനുകൂല ഘടകവും.. അവളുടെ ഉപ്പാക്ക് എന്തോ ബിസിനെസ്സ് ആണെന്ന് പറഞ്ഞു. എന്താണെന്ന് എനിക്ക് വ്യക്തമായി മനസ്സിലായില്ല. 
ഈയിടെയായി പാല്‍ചായ കുട്ടിക്ക് എന്നോട് എന്തോ ഒരു അടുപ്പം കൂടുതല്‍ ഉള്ള പോലെ ഒരു തോന്നല്‍.. എന്‍റെ വെറും തോന്നലാണോ? സുലൈമാനി പോലെയുള്ള എന്നെ ഒക്കെ ഒരു പാല്‍ചായ ഇഷ്ട്ടപ്പെടുമോ.. എന്തായാലും അടുത്തുള്ള ഒരു തുന്നല്‍ പരിശീലന കേന്ദ്രത്തിലേക്ക് അവളുടെ യാത്ര കോളെജിലേക്ക് പോകുന്ന എന്‍റെ കൂടെയായി.. അങ്ങാടി കഴിയുന്നത്‌ വരെ ഒന്നും മിണ്ടാതെയുള്ള ആ യാത്രയില്‍ അങ്ങാടി കഴിഞ്ഞാല്‍ പിന്നെ ഒരു പാട് കഥകള്‍ പിറന്നു. തമാശകള്‍ വിരിഞ്ഞു.എന്‍റെ സംസാരം ആണോ അവള്‍ക്കിഷ്ട്ടം അതോ എന്നെയാണോ. എന്‍റെ സംശയം തീരുന്നില്ല. മനസ്സിലെ അപകര്‍ഷത ബോധം തന്നെ ആയിരിക്കാം കാരണം.. ഒരിക്കല്‍ വീട്ടിലേക്കു തിരിച്ചു നടക്കുമ്പോള്‍ പെയ്ത ചാറ്റല്‍ മഴയില്‍ അവള്‍ അവളുടെ കുട പുറത്തെടുക്കാതെ ബാഗില്‍ തന്നെ വെച്ചു. എന്‍റെ കുടയില്‍ ചെറുതായി പെയ്യുന്ന മഴയില്‍ ഒരു പാല്‍ ചായയും ഒരു സുലൈമാനിയും ഒരു പാട് ചിരിച്ചു മെല്ലെ മെല്ലെ അങ്ങിനെ നടന്നു പോയി.. 
കുറെ ദിവസങ്ങള്‍ക്കു ശേഷം ഒരു അവധി ദിവസം അങ്ങാടിയിലെക്ക് വെറുതെ ഇറങ്ങിയ ഞാന്‍ അവളുടെ വാടക വീടിനു മുന്നില്‍ ചെറിയൊരു ആള്‍കൂട്ടം കണ്ടു കുറച്ചു വേവലാതിയോടെ അങ്ങോട്ട്‌ ഓടി ചെന്നു.അവരുടെ വീടിന്‍റെ വാതില്‍ പൂട്ടിയിട്ടിരിക്കുന്നു. നാട്ടില്‍ പലരോടുമായി ഒരുപാട് പണം പലതും പറഞ്ഞു വാങ്ങിയ അവളുടെ ഉപ്പ ഭാര്യയേയും മക്കളെയും കൂട്ടി അര്‍ദ്ധരാത്രി എങ്ങോട്ടോ സ്ഥലം വിട്ടിരിക്കുന്നു. (അന്നാദ്യമായി ഞാന്‍ എന്‍റെ ദാരിദ്ര്യത്തെ ഇഷ്ട്ടപെട്ടു. )
ഒരുപാട് പാട്ടുകള്‍ എന്‍റെ മനസ്സില്‍ കൂടി കടന്നു പോയി.. അതില്‍ കൂടുതല്‍ വരികള്‍ അറിയുന്ന പാട്ട് .. ഇനിയുമോണ്ടൊരു ജന്മ മെങ്കില്‍ എനിക്ക് നീ ഇണയാവണം എന്ന ഗസസിലെ പാട്ട് ആയിരുന്നു. 
ആദ്യ പ്രണയത്തിനു എപ്പോളും നീട്ടിയടിച്ച പാല്‍ ചായയുടെ രുചിയാണ്. കട്ടന്‍ ചായയുടെ ലഹരിയും.. :)

ഓര്‍മയിലെ ചില കുഞ്ഞു ജീവികള്‍.. !!11!!!1-

ഗ്യാസും കൊണ്ട് പോകുന്ന ഏലസ് വണ്ടിയുടെ ആകൃതിയില്‍ ഒരു കുഞ്ഞു ജീവിയുണ്ടായിരുന്നു. എനിക്കതിന്റെ പേരറിയില്ല. അതോ ഇനി അതിനു പേരില്ലേ?അതിന്‍റെ പിന്‍ഭാഗത്തുള്ള ചെറിയ ടാങ്കില്‍ എപ്പോളും എണ്ണ പോലത്തെ ഒരു സാധനം ഉണ്ടാകും. യേശുവിനു എണ്ണ കൊണ്ട് പോവുകയാണ് ഈ ജീവി എന്ന് ആരോ പറഞ്ഞു തന്നതോണ്ട് അതിനെ ഉപദ്രവിക്കാറില്ല. 
ചുമപ്പില്‍ കറുത്ത പുള്ളികള്‍ ഉള്ള ഒരു കൊച്ചു പ്രാണി.. ഇണയുമായി ഇപ്പോഴും പ്രണയിച്ചു നടക്കുന്ന അതിനെ ഒറ്റക് ഒറ്റയ്ക്ക് കാണാന്‍ ബുദ്ധിമുട്ടാണ്. സത്യത്തില്‍ അത് ഇണചെരുകയാണോ അതോ ഒരൊറ്റ ജീവിയാണോ എന്ന് സത്യം പറഞ്ഞാല്‍ എനിക്കിപ്പോളും അറിയില്ല. കുതിര പ്രാണി എന്നാണു അതിനെ ചില നാടുകളില്‍ വിളിക്കുന്നത്‌. എന്തായാലും പരസ്പരം ഏറ്റവും നല്ല അണ്ടര്‍ സ്റ്റാന്‍ഡില്‍ സഞ്ചരിക്കുന്ന ലോകത്തിലെ തന്നെ ഏക കപിള്‍സ് . ( അവളേം കൊണ്ട് മണ്ണാര്‍ക്കാട് വരെ പോകുന്ന ബുദ്ധിമുട്ട് എനിക്കറിയാം :P) 
ചിതല്‍. ...-=-, ചെറുപ്പത്തില്‍ ഞാന്‍ അതിന്‍റെ പല്ലൊന്നു കാണാന്‍ വേണ്ടി കുറെ എണ്ണത്തിനെ പിടിച്ചു നോക്കീട്ടുണ്ട്. എത്ര ഉറപ്പുള്ള മരവും തിന്നു തീര്‍ക്കുന്ന അതിന്‍റെ പല്ല് എനിക്കിതു വരെ കാണാന്‍ പറ്റിയിട്ടില്ല അശാരിമാരോട് ദേഷ്യമുള്ള ഒരു മണ്ണാന്‍ ജീവി. സൂക്ഷിച്ചു നോക്കിയാല്‍ അറിയാം ചിതല്‍ പുറ്റിനും ഒരു കാവ്യാത്മകതയുണ്ട്. 
ഉറുമ്പ്. നിങ്ങള്‍ ആരെങ്കിലും ഉറുമ്പുകളുടെ ഘോഷയാത്ര ശ്രദ്ധിച്ചിട്ടുണ്ടോ ....വരിതെറ്റാതെ ...മുദ്രാവാക്യം വിളിക്കാതെ ..വര്‍ണകുടകള്‍ ഇല്ലാതെ ...ട്രാഫിക്‌ ബ്ലോക്കുണ്ടാക്കാതെ ..അവരങ്ങിനെ നീങ്ങികൊണ്ടെയിരിക്കും ..നമ്മള്‍ പ്രവാസി ഉറുമ്പുകളെ പോലെ ...
പാറ്റ..മുഴുത്ത പാറ്റകളെ പിടിച്ചു മലര്‍ത്തി കിടത്തി അവറ്റകള്‍ അങ്ങിനെ മലര്‍ന്നു കിടന്നു കൈകാലിട്ടടിക്കുന്നത് കണ്ടു നില്‍ക്കാന്‍ തന്നെ നല്ല സുഖമാണ്.
പച്ച പുല്‍ച്ചാടി വീട്ടില്‍ വന്നാല്‍ പിറ്റേന്ന് കാശ് കിട്ടും എന്നൊരു അറിവ് വെച്ച് കാലത്ത് മദ്രസയില്‍ പോകുമ്പോള്‍ റോഡിനു ഇരുവശവും അരിച്ചു പെറുക്കി നടന്നിരുന്നതോര്‍ത്തു ഇപ്പോള്‍ ചിരി വരുന്നു. രാത്രി ഇരുട്ടില്‍ വിരുന്നു വരുന്ന മിന്നാമിനുങ്ങിനെ പിടിച്ചു വെളിച്ചത്തു കൊണ്ട് പോയി നോക്കിയാല്‍ അപ്പം പണ്ടാരം വെളിച്ചം ഓഫാക്കും..പിന്നേം ഇരുട്ടത്ത്‌ നിറുത്തണം അത് അതിന്‍റെ ലൈറ്റ് ഓണാക്കാന്‍.. മിന്നാമിനുങ്ങു രാത്രി വന്നാല്‍ രാത്രി രണ്ടിന് പോകാന്‍ മുട്ടും എന്നറി യുന്നതോണ്ട് ഞാന്‍ എന്‍റെ റൂമില്‍ വരുന്ന മിന്നാ മിനുങ്ങിനെ ആരും കാണാതെ പിടിച്ചു അനിയന്‍റെ റൂമിലാക്കും .. അവനു വേണേല്‍ മുട്ടിക്കോട്ടേ .. 
സുന്ദരികളായ പെണ്‍കുട്ടികളെ കാണുമ്പോള്‍ ഉള്ള അതെ സ്നേഹം ആയിരുന്നു എനിക്ക് പൂമ്പാറ്റകളെ കാണുമ്പോളും. അതുകൊണ്ട് തന്നെ ഞാന്‍ ചെറുപ്പത്തില്‍ ഉപദ്രവിക്കാത്ത ഏക ജീവി പൂമ്പാറ്റയാവാം .. 
തുമ്പി.. എത്ര തരാം തുമ്പികള്‍ ഉണ്ടായിരുന്നെന്നോ എന്‍റെ നാട്ടില്‍.. .., ആന തുമ്പി,ഓണ തുമ്പി,പൂ തുമ്പി, വാല്‍ തുമ്പി..അങ്ങിനെ ഒരുപാട്.. ഒരുപാട് ..പാവം ഓണത്തുമ്പികള്‍ ..കൂട്ടമായി പറക്കുന്ന അവയെ കൂട്ടുകാരുടെ കൂടെ കൂടി കുറുന്തോട്ടി പറിച്ചു എത്ര വട്ടം അടിച്ചു വീഴ്ത്തിയിരിക്കുന്നു.. കല്ലെടുപ്പിക്കുന്നതും, വാലില്‍ നൂല് കെട്ടി പറപ്പിക്കുന്നതും പോരാഞ്ഞിട്ട് വീട്ടില്‍ വളര്‍ത്തുന്ന മൈനക്ക് ഭക്ഷണം ആക്കാനും കുറെ എണ്ണത്തിനെ പിടിച്ചിട്ടുണ്ട്.. 
ഓന്തിനെ കണ്ടാല്‍ കല്ലെടുത്ത്‌ ഏറിയും. നാവു നീട്ടി അത് നില്കുന്നത് കാണുമ്പോള്‍ എന്തോ ഒരു ഭീകരത തോന്നും ..
എട്ടുകാലിയുടെ കാലിന്‍റെ എണ്ണം എത്രയുണ്ട് എന്ന് നോക്കാന്‍ ചൂലുകൊണ്ട് അടിച്ചു കൊന്നു എണ്ണി നോക്കിയപ്പോള്‍ മൂന്നു കാലെയുള്ളൂ. എന്തടിയാണ് ഞാന്‍ അന്ന് അടിച്ചത് ..ഓ ...

Friday, 5 April 2013

ഭാഷ. ...♥

ഞാന്‍ പറയുന്നത് നിങ്ങള്‍ക്കും നിങ്ങള്‍ പറയുന്നത് എനിക്കും മനസ്സിലാവുന്ന സ്ഥിതിക്ക് നമുക്കിടയിലെ ഭാഷ അതിന്‍റെ ധര്‍മം നിര്‍വഹിക്കുന്നുണ്ട് എന്ന് തന്നെ വേണം കരുതാന്‍. .........
ഓര്‍ഡിനറി എന്ന സിനിമയില്‍ ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടപ്പോളാണ് ഇത്രയും മനോഹരമായ ഒരു ഭാഷ 
ശൈലി  എന്‍റെ ജില്ലയില്‍ നിലവില്‍ ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ക്കുന്നത് . ഞങ്ങള്‍ മണ്ണാര്‍ക്കാട്ടുകാര്‍ മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ കൂടുതലും ഉപയോഗിക്കുന്നത് മലപ്പുറം ശൈലിയാണ്. അതില്‍ തന്നെ പോയിത്രേ .. വന്നുത്രേ ...വന്നുക്കുണ് എന്നതൊക്കെ ഞങ്ങളുടെ മാത്രം ശൈലിയും.. ..കല്ലടിക്കോട് മുതലാണ്നമ്മള്‍ സിനിമയില്‍ കണ്ട ശൈലിയില്‍ ആളുകള്‍ സംസാരിക്കുന്നത് എന്ന് തോന്നുന്നു. മുണ്ടൂര്‍,പാലക്കാട്,ആലത്തൂര്‍,നെന്മാറ .. അങ്ങിനെ അങ്ങിനെ...

അഞ്ചിലെത്തിയ ഞാന്‍ ഉമ്മാന്‍റെ നാടായ മലപ്പുറത്തെ കൊണ്ടോട്ടിയിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ കൂട്ടുകാരുമായി ഇടകലര്‍ന്നു പോകാന്‍ നന്നായി കഷ്ട്ടപെട്ടു. പിന്നെ മെല്ലെ മെല്ലെ ഞാന്‍ അവരില്‍ ഒരാളായി തീര്‍ന്നു .. എത്താ ,ഇജ്ജു,പജ്ജ്,കജ്ജ്,എത്താപ്പം എന്‍റെ കഥ.. മനോഹരമായ ഒരു കാലഘട്ടം.. ഭാര്യ ഒരിക്കല്‍ പറഞ്ഞു ..നിങ്ങളെ മോന് നിങ്ങളുടെ ആ മലപ്പുറം ശൈലി മുഴുവനായി കിട്ടിയിട്ടുണ്ട്. എത്ര പറഞ്ഞു കൊടുത്താലും പശുവിനു അവന്‍ പജ്ജ് എന്നെ പറയൂ..
ഗള്‍ഫില്‍ എത്തിയപ്പോള്‍ കൂടെയുള്ളവര്‍ അതികവും എറണാകുളം ജില്ലക്കാര്‍ .. പ്രത്യേകിച്ച് ഒരു ശൈലി ഇല്ലാതെ അത്യാവശ്യം ശുദ്ധ മലയാളം പറയുന്ന ആളുകള്‍. ., ഞാനും അവര്‍ക്ക് വേണ്ടി എന്‍റെ സംസാര ശൈലി മാറ്റി. മലപ്പുറം ശൈലി ആകുമല്ലോ എന്ന് കരുതി അന്നൊക്കെ ഹജ്ജിനു ഹയ്യ്‌ എന്നാണ് പറഞ്ഞിരുന്നത് :) വാരാന്ത്യങ്ങളില്‍ കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും പാട്ടൊക്കെ പാടും ..ഞാന്‍ പാടിയ പാട്ടിലെ ഒരു വരി ...മുന്നൂറു കോമാങ്ങ അണ്ട്യോടെ മുണുങ്ങിയോവര്‍ എന്നായിരുന്നു .. ആ മുണുങ്ങി എന്ന പ്രയോഗം വന്നതും എന്‍റെ പരിപ്പവന്മാര്‍ എടുത്തു. 
വെള്ളിയായ്ച്ചകളില്‍ ബിന്‍ഒമ്രാനില്‍ താമസിക്കുന്ന കൊണ്ടോട്ടി കൂട്ടുകാരുടെ അടുത്തേയ്ക്ക് പോകുന്നത് തന്നെ നമ്മുടെ ആ നാടന്‍ ബര്‍ത്താനങ്ങള്‍ പറയാനായിരുന്നു. ഇജ്ജൊന്നു പോയ്ക്കാ ചെങ്ങായി.. എത്താന്ക്ക്. ഒന്ന് ചെലക്കാണ്ട് നിക്കെടാ ന്നൊക്കെ പറയുമ്പോള്‍ ശരിക്കും ഡ്യുട്ടി കഴിഞ്ഞു വന്നു ഫാന്റും ഷര്‍ട്ടും മാറ്റി ഒരു ലുങ്കിയും ടീ ഷര്‍ട്ടും ധരിച്ച സുഖമായിരുന്നു .
എന്തൊക്കെ ശൈലിയില്‍ സംസാരിച്ചാലും നമ്മള്‍ എല്ലാം ഒരൊറ്റ മലയാള ഭാഷയല്ലേ സംസാരിക്കുന്നുള്ളൂ.. അത് തന്നെ വല്ല്യ കാര്യം. കേരളമൊഴിച്ച് മറ്റു മിക്ക സംസ്ഥാനങ്ങളിലും മുസ്ലിങ്ങള്‍ സംസാരിക്കുന്നത് അവിടത്തെ മാതൃ ഭാഷയല്ല ......ഉര്‍ദു ആണ്. മറാത്തികള്‍ സംസാരിക്കുന്നത് മാറാത്തി. കര്‍ണാടകയിലെ ക്രിസ്ത്യാനികള്‍ (ഗോവയില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ) സംസാരിക്കുന്നത് കൊങ്കിണി,തുളു സംസാരിക്കുന്നവരും ഉണ്ട്, തമിഴും,തെലുങ്കും,കന്നഡയും,ഒറിയയും ,ഹിന്ദിയും എല്ലാം അതതു നാടുകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. 
ടെലെഫോണ്‍ നിരക്ക് കുറഞ്ഞതിനു ശേഷം വീട്ടിലേക്കു എഴുതുന്ന കത്തുകള്‍ നിന്നതോടെ മലയാളം എഴുതാനുള്ള അവസരം ഇല്ലാതായിരുന്നു. എഴുത്ത് വീണ്ടും തുടങ്ങിയതാണ്‌ ഫേസ് ബുക്കിനെ സ്നേഹിക്കാന്‍ ഉള്ള ഒരു വലിയ കാരണം . 
അക്ഷരതെറ്റുകള്‍ പരമാവധി കുറക്കാന്‍ ശ്രദ്ധിക്കാറുണ്ട് .എന്നാലും ഇടക്കൊക്കെ തെറ്റും. പലതും കൂട്ടുകാര്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്. ചിലത് അശ്രദ്ധ മൂലവും ചിലത് അറിവില്ലായ്മ മൂലവും. അശ്രദ്ധ മൂലം സംഭവിച്ചത് പറഞ്ഞില്ലെങ്കിലും അറിവില്ലായ്മ മൂലം എഴുതിയതാണെന്ന് തോന്നിയാല്‍ പ്രിയകൂട്ടുകാര്‍ തീര്‍ച്ചയായും അതെന്‍റെ ശ്രദ്ധയില്‍ പെടുത്തണം.. 
രഞ്ജിനി ഹരിദാസിന്‍റെ ഭാഷയെ കുറ്റം പറഞ്ഞു ഒരുത്തനിട്ട പോസ്റ്റിലെ എട്ടു അക്ഷരതെറ്റുകള്‍ ചൂണ്ടി കാട്ടി താങ്കളും അവരും തമ്മിലുള്ള വ്യത്യസം എന്താണെന്ന് ചോദിച്ചതിനു എന്നെ ഒരുത്തന്‍ തടസ്സപ്പെടുത്തി (ബ്ലോക്ക്‌ ) കളഞ്ഞു .
മലയാള ഭാഷ തൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു കിളികൊഞ്ചും നാടിന്‍റെ ഗ്രാമീണ ശൈലി നിൻ പുളിയിലക്കര മുണ്ടിൽ തെളിയുന്നു ....

ചാറ്റ് ----

നിങ്ങളെ പോലെ തന്നെ ഞാനും ചാറ്റില്‍ ഹരിശ്രീ കുറിക്കുന്നത് യാഹൂ മെസ്സെഞ്ചറില്‍ നിന്ന് തന്നെയാണ്. എത്ര റൂമുകള്‍,എത്ര ഫൈക്കുകള്‍ , എത്ര രാജ്യക്കാര്‍.. !!!!!..ഏതെങ്കിലും ഒരു ചാറ്റ് റൂമില്‍ കയറി സ്ത്രീകളുടെ പേര് ആണ് എന്ന് തോന്നുന്ന ചാറ്റ് വിന്‍ഡോയില്‍ ഒരു ഹായ് പറയും.. തിരിച്ചു ഇങ്ങോട്ട് ഒരു ഹായ് കിട്ടിയാല്‍ പിന്നെ ഒരു തകര്‍ക്കലാണ്. സത്യം പറയാലോ എനിക്ക്ടൈപ് ചെയ്യാന്‍ സ്പീഡ് കിട്ടിയത് ഈ ചാറ്റ് റൂമില്‍ ആക്റ്റീവ് ആയതുകൊണ്ട് മാത്രമാണ്.. 

മലയാള ചാറ്റ് റൂമില്‍ കയറിയാല്‍ നമ്മുടെ നിഘണ്ടുവില്‍ ഇല്ലാത്ത കുറെ തെറികള്‍ പഠിക്കാം എന്നൊരു മെച്ചമുണ്ട് . ഒരിക്കല്‍ ഒരു എഴുത്തുകാരന്‍ പറഞ്ഞിരുന്നു മലയാളികളുടെ സംസ്കാരം അറിയാന്‍ ചുമ്മാ ഒരു പബ്ലിക് ചാറ്റ് റൂമില്‍ കയറിയാല്‍ മതിയെന്ന്. മലയാളത്തില്‍ ഉള്ള അത്യാവശ്യം തെറികളെല്ലാം പഠിച്ചതിനു ശേഷമാണ് വിദേശ തെറികള്‍ പഠിക്കാനായി അന്യരാജ്യങ്ങളുടെ ചാറ്റ് റൂമുകളില്‍ കയറി നിരങ്ങാന്‍ തുടങ്ങിയത്. 
ഇന്തോനേഷ്യയില്‍ നിന്നും ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എനിക്ക്. ഒരിക്കല്‍ അവളോട്‌ വീഡിയോ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആണ് അവിടെ രണ്ടാമതും സുനാമി ഉണ്ടായത്. ഞാന്‍ കണ്ടു അവളുടെ റൂമിലേക്ക്‌ കയറി വരുന്ന ഒരു സുനാമി തിരമാലയെ.. :P ഇന്തോനേഷ്യന്‍ ഭാഷയില്‍ അബ്ബാസിക്കാ രക്ഷിക്കൂ എന്നും വിളിച്ചു കരയുന്ന അവള്‍ തിരമാലയില്‍ ഒലിച്ചു പോകുന്നത് കാണാന്‍ വയ്യാതെ ഞാന്‍ ഫിലിപൈന്‍സ് ചാറ്റ് റൂമിലേക്ക്‌ കടന്നു. :)))പിന്നീട് അവളുടെ ഓര്‍മ നില നിര്‍ത്താനായി ഞാന്‍ എന്‍റെ ചാറ്റ് ഐഡിയുടെ പാസ് വേര്‍ഡ്‌ കുറെ കാലം "tsunami " എന്നാക്കി മാറ്റി. 

അതിനു ശേഷമാണ് ജി ടാള്‍കിലേക്ക് തിരിയുന്നത്.കുറച്ചും കൂടെ സൌകര്യം. ഒരുപാട് കൂട്ടുകാരെ കിട്ടി. അന്നൊക്കെ മെയില്‍ നോക്കുന്നതും ചാറ്റ് ചെയ്യുന്നതും ഒരുമിച്ചായിരുന്നു.ചാറ്റിനെ കുറിച്ച് പറയുമ്പോള്‍ സ്മൈലികളെ വിസ്മരിക്കുന്നത് നന്ദി കേടാവും .കാര്‍ഷിക മേഘലയില്‍ ഒരു ട്രാക്റ്റര്‍ ചെയ്യുന്ന അതെ ഉപകാരമാണ് ചാറ്റില്‍ സ്മൈലികള്‍ ചെയ്യുന്നത്. രണ്ടാളെ വിളിച്ചു ടൈപ് ചെയ്യിക്കേണ്ടത് ഒരൊറ്റ സ്മൈലിയില്‍ ഒതുക്കാം.. 
പിന്നീടു ഓര്‍ക്കുട്ട് കാലഘട്ടം. ഓര്‍ക്കുട്ടില്‍ ചാറ്റ് വിന്‍ഡോ ഓപ്പണ്‍ ചെയ്‌താല്‍ കൂട്ടുകാര്‍ ആരെങ്കിലുമൊക്കെ ഉണ്ടാകും. അപ്പോഴേക്കും ചാറ്റാനുള്ള ആക്രാന്തം ഏകദേശം തീര്‍ന്നിരുന്നു. ഗ്രൂപ്പിലൂടെ പരിചയപ്പെടുന്ന നല്ല കൂട്ടുകാരെ പിന്നീടു ചാറ്റില്‍ കണ്ടു മുട്ടും.. കൂടുതല്‍ വിശേഷങ്ങള്‍ എല്ലാം പങ്കുവെക്കും. 

അതിനിടക്ക് ചിലകൂട്ടുകാരികളെ കിട്ടും.നമ്മള്‍ വിശ്വസിക്കാന്‍ കൊള്ളുന്നവന്‍ ആണെന്ന് അവര്‍ക്ക് ബോധ്യമായാല്‍ പിന്നെ ഒരു പരമ്പരാഗത ഡയലോഗ് കീച്ചും. ഇക്ക എനിക്ക് എന്‍റെ ചെട്ടനെപോലെയാണ്. അതുകൊണ്ട് മാത്രമാണ് ഞാനിക്കാര്യം പറയുന്നത് ..പിന്നെ അവരുടെ സങ്കടങ്ങള്‍ നിരത്തുകയായി.. ഹം..ഹം ..എന്ന് മൂളി നമ്മള്‍ പണ്ടാരടങ്ങും.. എനിക്ക്പ്രിയപ്പെട്ട ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. അവരോടു ചാറ്റില്‍ നമ്മള്‍ കഷ്ട്ടപെട്ടു നല്ലൊരു തമാശ ടൈപ്പി കൊടുത്താല്‍ അവര്‍ റിപ്ലേ ചെയ്യും ഒകെ എന്ന്. അപ്പോള്‍ വരുന്ന കലി.കുറെ കൂട്ടുകാരെ കിട്ടിയിട്ടുണ്ട് ജി ടാള്‍ക്കില്‍ നിന്നും. അവരില്‍ പലരും ഇപ്പോഴും ജീവിതത്തിന്‍റെ ഭാഗമാണ് എന്നത് സന്തോഷമുള്ള കാര്യം. പിന്നീട് ഫേസ് ബുക്കില്‍ എത്തിയപ്പോള്‍ ഗ്രൂപ്പ് ചാറ്റിനു വേണ്ടി മാത്രം ഞങ്ങള്‍ കൂട്ടുകാര്‍ ഒരു ഗ്രൂപ്പ് തുടങ്ങി. എല്ലാവരും പുലികള്‍ ആയതുകൊണ്ട് ലോല്‍ എന്ന് ടൈപാനെ സമയം കിട്ടുമായിരുന്നുള്ളൂ.. പിന്നെ പിന്നെ എന്തേലുമൊക്കെ ടൈപ്പി വാള്ളില്‍ പോസ്റ്റാന്‍ തുടങ്ങിയപ്പോള്‍ ചാറ്റില്‍ നിന്നും പതിയെ പിന്മാറി.ഇപ്പോള്‍ പുതിയതായി കിട്ടുന്ന കൂട്ടുകാര്‍ പരിചയപ്പെടാനായി ചാറ്റില്‍ വരുമ്പോള്‍ ഞാനും കഴിയുന്ന അത്ര അവരോടു സംസാരിക്കാറുണ്ട് . അപ്പോഴേക്കും ഏതെങ്കിലും നോട്ടിഫികേഷന്‍ വരും.. പിന്നെ അങ്ങോട്ട്‌ ഓടും.. 
അപ്പുറത്ത് ഇരികുന്നവരോട് നന്നായി ചാറ്റുക എന്നത് ഒരു കലയാണ്‌. .. !!.പലപ്പോഴും ഒരു നല്ല സൌഹൃദം തുടങ്ങുന്നതിനും മനസ്സ് തുറന്നുള്ള ഒരു ചാറ്റ് നിമിത്തം ആയേക്കാം.. 

പച്ച ലൈറ്റ് കത്തിച്ചിരിക്കുന്ന സുഹൃത്തുക്കളെ ASL പ്ലീസ്..

ലൈക്കിന്റെ കഥ -


സുന്ദരിയും,വിധവയുമായ സ്റ്റാറ്റസിനു മൂന്നു മക്കളായിരുന്നു .ഒരു മോള്‍ -പേര് ലൈക്.രണ്ടു ആണ്‍കുട്ടികള്‍.---,കമെന്റും ,ഷെയറും...
വളരെ കഷ്ട്ടപെട്ടാണ് സ്റ്റാറ്റസ് തന്‍റെ മൂന്നു മക്കളെയും വളര്‍ത്തികൊണ്ടു വന്നത് .
ഓരോ പ്രൊഫൈലിന്റെ ഇന്ബോക്സിലും പോയി സ്റ്റാറ്റസ് തന്‍റെ ലിങ്കുമായി കൈനീട്ടി..
പെണ്‍കുട്ടി ആയതുകൊണ്ടാണോ എന്തോ ആളുകള്‍ക്കെല്ലാം ഇഷ്ട്ടം ലൈകിനെ ആയിരുന്നു. വഴിയിലൂടെ പോകുന്നവരും വരുന്നവരുമെല്ലാം ലൈകില്‍ ക്ലിക്കും.

ഒരിക്കല്‍ ലൈക് അമ്മയോട് പരാതി പറഞ്ഞു. അമ്മെ ആളുകള്‍ പലപ്പോഴും അവര്‍ക്ക് ഇഷ്ട്ടമില്ലാഞ്ഞിട്ടു കൂടി എന്നെ തോണ്ടുന്നു,പിച്ചുന്നു.....!!!
അമ്മ അവളോട് പറഞ്ഞു ..നീ ഒരു പെണ്‍കുട്ടിയാണ് ..നിന്നെ സൂക്ഷിക്കേണ്ടത് നീ തന്നെയാണ്.. വേറെ ഒരാള്‍ക്കും നിന്നെ സംരക്ഷിക്കാന്‍ ആവില്ല. ......

കാലമങ്ങിനെ കഴിഞ്ഞു പോകവേ കുട്ടികളുടെ സ്കൂളിലെ കായിക ദിനം വന്നണഞ്ഞു. ലോങ്ങ്‌ ജമ്പ് മത്സരത്തില്‍ പങ്കെടുത്ത ലൈക്കിന്റെ ആദ്യ ചാട്ടം ഫൌള്‍ ആയി.. രണ്ടാമത്തെ ചാന്‍സില്‍ ഒരുപാട് ദൂരെ നിന്നും വാശിയോടെ ഓടിവന്നു ചാടിയ ലൈക് നിലവിലെ സ്കൂള്‍ റെക്കോര്‍ഡ് തകത്തെങ്കിലും അവളുടെ ജീവിതവും അവിടെ തകരുകയായിരുന്നു. ഓടി വന്നു ചാടിയ പാവം ലൈക്കിന്റെ ഗര്‍ഭപാത്രം എങ്ങോട്ടോ തെറിച്ചു പോയി.. വിഷമം സഹിക്കവയ്യാതെ ലൈക് ഗ്രൗണ്ടില്‍ തളര്‍ന്നിരുന്നു... :"(

അന്ന് മുതലാണത്രേ ലൈക്കുകള്‍ക്ക് കുട്ടികള്‍ ഉണ്ടാവാതായത്. കമെന്റും ഷെയറും വീണ്ടും വീണ്ടും മക്കളെ സൃഷ്ട്ടിച്ചപ്പോള്‍ ലൈകിനു മാത്രം മക്കളുണ്ടായില്ല.
ശുഭം..

പണിയോന്നുമില്ലാതെയിരുന്ന ഖത്തര്‍ കായിക ദിന ചിന്ത . 

 

ഒരു പേരില്‍ എന്തിരിക്കുന്നു.....?????????

ഉമ്മാന്‍റെ കടിഞ്ഞൂല്‍ പ്രസവം ആയതുകൊണ്ട് എന്‍റെ ജനനം നാട്ടു നടപ്പ് അനുസരിച്ച് ഉമ്മാന്‍റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു.ഉമ്മാന്‍റെ ഉമ്മ എനിക്ക് മുജീബ് റഹ്മാന്‍ എന്ന് പേരും വിളിച്ചു .ഞങ്ങളെ കുട്ടിക്ക് ഞങ്ങളാണ് പേര് ഇടേണ്ടത് എന്നും പറഞ്ഞു ഉപ്പാന്‍റെ ഉമ്മ എനിക്ക് അബ്ബാസ് എന്ന് പുനര്‍നാമകരണം നടത്തി.. ഒരു കണക്കിനത്‌ നന്നായി.. അല്ലെങ്കില്‍ അബ്ബാസ്.....കുബ്ബൂസിനെ പ്രണയിക്കേണ്ടി വന്നവന്‍ എന്നതിന് പകരം എന്‍റെ മനസാക്ഷിക്ക് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത രീതിയില്‍ മുജീബ് ......മജ്ബൂസിനെ പ്രണയിക്കുന്നവന്‍ എന്ന് ഞാന്‍ ഫേസ് ബുക്ക് പേര് വെക്കേണ്ടി വന്നേനെ.. ഇത്രയും വ്യത്യസ്തമായ മനോഹരമായ പേരുകള്‍ ഉള്ള സ്ഥലം കേരളമല്ലാതെ വേറെ ഉണ്ടോ എന്ന് സംശയമാണ്. എന്തെല്ലാം പേരുകള്‍. ..,പേര് കേട്ടാല്‍ തന്നെ ഒറ്റയടിക്ക് അവരുടെ ജാതിയും,മതവും കുടുംബ പേരും എല്ലാം മനസ്സിലാവും.. മറ്റുള്ള രാജ്യക്കാര്‍ എല്ലാം സ്വന്തം അച്ഛന്റെ പേര് കൂടെ കൊണ്ട് നടക്കുമ്പോള്‍ നമ്മളധികവും കുടുംബ പേരും ജാതി പേരുമാണ് കൂടെ കൊണ്ട് നടക്കുന്നത്. 
മതമില്ലാത്തവര്‍ക്കു ഇന്നും പ്രിയപ്പെട്ട പേര് ജീവന്‍ എന്നത് തന്നെ. ഷഹനാസ് ഒറ്റക്കല്‍ എന്ന് കണ്ടു ഏതോ യുവ കവിയത്രി ആണെന്ന് കരുതി ചാടി ഫ്രെണ്ട് റിക്യുസ്റ്റ് അക്സെപ്റ്റ് ചെയ്ത ഞാന്‍ ഒരു പൊട്ടനെ കണ്ടു ഞെട്ടി :) ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു പേരാണ് ഷഹനാസ്. ബാബു എന്ന പേര് മതേതരത്വമുള്ള പേരാണെങ്കില്‍ ഷാജി എന്ന പേര് മതേതരത്വവും,ലിംഗ സമത്വവും ഉള്ള പേരാണ്. 
"ഷ" വെച്ച് തുടങ്ങുന്ന പേര് എന്താണെന്നറിയില്ല എനിക്ക് നല്ല ഇഷ്ട്ടമാണ്. മൂത്ത പെങ്ങള്‍ക്ക് ഷമീല എന്ന് പേരിടുമ്പോള്‍ എനിക്ക് മൂന്നു വയസു . അതുകൊണ്ട് തന്നെ ആ പേരില്‍ എനിക്ക് പങ്കില്ല എന്ന് നിങ്ങള്ക്ക് മനസ്സിലാവും. പക്ഷെ പിന്നീടു ഷഹനാസ് എന്നും ഷാനിദ എന്നും മറ്റു രണ്ടു പെങ്ങന്മാര്‍ക്കും പേരിട്ടത് ഞാന്‍ തന്നെയാണ്. പെണ്ണ് കാണുമ്പോള്‍ ഇന്ന പേര് ഉള്ള പെണ്‍കുട്ടി വേണം എന്ന് പറയാന്‍ പറ്റില്ലല്ലോ. പക്ഷെ ജീവിതത്തില്‍ ആദ്യമായി കല്ല്യാണം കഴിക്കാന്‍ വേണ്ടി കണ്ട പെണ്ണിന്‍റെ പേര് ഷംല . കല്യാണം ഉറപ്പിക്കാന്‍ കാരണം ആ പേരല്ലെങ്കിലും ഷംല എന്ന പേരിനു വാലായി എന്‍റെ പേര് അന്ന് മുതല്‍ അവളുടെ ഒപ്പം ഉണ്ട്. 
ആണ്‍കുട്ടികള്‍ക്ക് ഷാന്‍ എന്ന പേര് എനിക്കിഷ്ട്ടമാണ്. മോന്‍ ജനിച്ചപ്പോള്‍ പല പേരുകളും ആലോചിച്ച കൂട്ടത്തില്‍ ഷാന്‍ എന്നും ആലോചിച്ചിരുന്നു.പക്ഷെ കുടുംബത്തില്‍ അതെ പേരില്‍ ഒരു കുട്ടി ഉള്ളതോണ്ട്‌ അത് വേണ്ടെന്നു വെച്ചു. നല്ലൊരു പേര് നിര്‍ദേശിക്കാന്‍ കുട്ടിക്കയോട് ആവശ്യപ്പെട്ടപ്പോള്‍ കുട്ടിക്ക പറഞ്ഞു അബ്ബാസേ നമുക്കവന് മുഹമ്മദ്‌ മാര്‍ലി എന്ന് പേരിടാമെന്നു. മാര്‍ലി ഞങ്ങളുടെ പൈപിന്‍റെ ബ്രാന്‍ഡ് നെയിം ആണ്.കുട്ടിക്ക ആയതോണ്ട് ഒന്നും പറയാന്‍ പറ്റില്ല. ലോക കപ്പ്‌ ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുന്ന ആ സമയത്ത് ഫ്രാന്‍സിന്‍റെ സിനദിന്‍ സിദാന്‍ ആയിരുന്നു താരം. എന്‍റെ എക്കാലത്തെയും ഫെവറിറ്റ് . എന്നാല്‍ പിന്നെ അതങ്ങ് ഉറപ്പിക്കാം എന്ന് കരുതി . വീട്ടിലേക്കു ആ പേര് വിളിച്ചു പറഞ്ഞു ഫൈനല്‍ മത്സരം കാണാന്‍ ഇരുന്ന എന്‍റെയുംകൂടെ നെഞ്ചിന്‍ കൂടിനാണ് അന്ന് സിദാന്‍ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിട്ടകൂട്ടത്തില്‍ ഇടിച്ചത്. ഭാഗ്യം അതിനടുത്ത ലോക കപ്പില്‍ എനിക്ക് കുഞ്ഞു ജനിക്കഞ്ഞത്. ആ ലോക കപ്പില്‍ എന്‍റെ ഫേവറിറ്റ് ബ്രസീലിന്റെ കാക്ക യായിരുന്നു :) 
നേപ്പാളികളുടെ പേര് കേട്ടാല്‍ ചിരി വരും,നമ്മുടെ പേര് കേട്ട് അവരും ചിരിക്കുന്നുണ്ടാകാം. ചക്ര,പങ്ക,ബുവലാല്‍.. അങ്ങിനെ അങ്ങിനെ .. അവര് ചോറ് ഉണ്ണുമ്പോള്‍ എന്ത് കറിയുണ്ടെങ്കിലും കുറച്ചു പരിപ്പ് കറി കൂടി ഉള്ളത് പോലെ എന്ത്കൂ പേരിട്ടാലും അതിന്റെ കൂടെ ഒരു ബഹദൂറും കൂടി ഉണ്ടാവും.. 
പേര് വിശേഷങ്ങള്‍ ഇനിയും ഒരുപാടുണ്ട്. പക്ഷെ എഴുത്തിന്‍റെ നീളം കൂടുന്നത് എന്നെ വായിക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന പേടിയുള്ളതുകൊണ്ട് എന്‍റെ മനസ്സിലെ നടക്കാത്ത ഒരു സ്വപ്നം നിങ്ങളോട് പങ്കു വെച്ചു ഞാന്‍ നിറുത്തുന്നു. 
ആളുകള്‍ക്കെല്ലാം പേരിനു പകരം നമ്പരുകള്‍ വരുന്ന ഒരു കാലം.. പേര് കേട്ട് ഇവനേതു മതമാണെന്ന് ആര്‍ക്കും മനസ്സിലാവാത്ത ഒരു കാലം. അതാണ്‌ എന്‍റെ സ്വപ്നം. . അബ്ബാസ് ഒരു വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ .. ആ.... അബ്ബാസ് അവന്‍ മുസ്ലിം. അവങ്ങിനെ തന്നെയേ പറയു. വര്‍ഗീയ വാദി.. എന്നാല്‍ പത്തെപതിമൂന്നു (1013) ആയ ഞാന്‍ ഒരു പോസ്ടിട്ടാല്‍ ശരിയാണല്ലോ .അവന്‍ പറഞ്ഞതില്‍ ഒരു കാര്യമുണ്ടല്ലോ എന്ന് ചിലപ്പോള്‍ ആളുകള്‍ ചിന്തിക്കും. 
നിങ്ങളെ തിരിച്ചറിയാനാണ് നിങ്ങളുടെ പേരുകള്‍.. ...അല്ലാതെ നിങ്ങളുടെ ജാതിയോ മതമോ ,കുടുംബ മഹിമയോ അറിഞ്ഞിട്ടു ആര്‍ക്കും ഒന്നും കിട്ടാനില്ല.ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃത ശരീരം പേര് നോക്കി ജാതി തിരിച്ചല്ലല്ലോ സംസ്കരിക്കുന്നത്. ഒരു മതത്തില്‍ അല്ലെങ്കില്‍ ഒരു ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് ആ മതത്തിന്‍റെ ലിസ്റ്റില്‍ പെട്ട പേര് കിട്ടിയ നമ്മള്‍ ആ പേര് കൊണ്ടല്ല ആ മതത്തിന്‍റെ മഹത്വം പറഞ്ഞു നടക്കേണ്ടത്‌ ..നമ്മുടെ പ്രവര്‍ത്തികള്‍ കൊണ്ടാണ് എന്ന് എന്നെ തന്നെ ഉപദേശിച്ചുകൊണ്ടു ഞാന്‍ നിറുത്തുന്നു. നമസ്കാരം.. അയ്യേ മുസ്ലിങ്ങള്‍ പറയേണ്ടത് അസ്സലാമു അലൈകും എന്നാ .. സലാം .

കള്ള് ഷാപ്പ്.

 കള്ള് ഷാപ്പ്

ലൈസന്‍സ് നമ്പ്ര്-1013 

കാഞ്ഞിരപ്പുഴ.. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാഹോദര്യ ഐക്യം നില നില്‍ക്കുന്ന ഒരു സ്ഥാപനം.. വിളമ്പുന്നവര്‍ക്കോ കുടിക്കുന്നവര്‍ക്കോ യാതൊരു വിധ ഡ്രസ്സ്‌ കോഡുമില്ല.ഒരു നാടന്‍ സംഗീത നാടക അക്കാദമി എന്ന് തന്നെ പറയാം. എരിവുള്ളത്‌ കഴിക്കാനും കേള്‍ക്കാനും പറ്റിയ സ്ഥലം. കപ്പ ഏറ്റവും ഹൃദ്യമായി കഴിക്കാന്‍ പറ്റുന്ന സ്ഥലം. നാടന്‍ പാട്ടുകളുടെ ആശാന്മാരുടെ ആദ്യ കളരി.. പ്രകൃതിദത്തമായ കൂളിംഗ്‌ സംവിധാനം ..തൊട്ടടുത്ത്‌ തന്നെ ഒരു പെട്ടികട ഉള്ളതോണ്ട്‌ മുറുക്കാന്‍ വാങ്ങാനും ബീഡി വലിക്കാനും എങ്ങും പോവണ്ട. ധാര്‍മിക രോഷം ഫേസ് ബുക്കില്‍ തീര്‍ക്കുന്ന പോലെ ആത്മരോഷം ഇവിടെ തീര്‍ക്കാം. കടം കുടിക്കരുത് എന്നെ നോട്ടീസ് ഉള്ളൂ രാഷ്ട്രീയം പറയരുതെന്ന് എവിടേം എഴുതി വെച്ചിട്ടില്ല. ഇറച്ചി കറിക്ക് ഒരിടത്നിന്നും കിട്ടാത്ത മണം ...പാമ്പുകള്‍ ചുറ്റിനുമുണ്ടാകാം ..പക്ഷെ അങ്ങോട്ട് ഉപദ്രവിച്ചാലും ഇങ്ങോട്ടു ഉപദ്രവിക്കില്ല. 

കള്ള് ഷാപ്പ് മുതലാളിയുടെ മോളുടെ കല്യാണമായിരുന്നു ഇന്നലെ .കസ്റ്റമെര്‍സിനെ മാത്രമേ മുതലാളി കല്ല്യാണം വിളിച്ചിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ക്ഷണം ഇല്ലായിരുന്നു. വേണേല്‍ വിശ്വസിച്ചാല്‍ മതി. 

അവധി

അവധി കഴിഞ്ഞു തിരിച്ചു പ്രവാസത്തിലേക്ക് തന്നെ മടങ്ങാന്‍ ആവുമ്പോള്‍ അവസാനത്തെ ഒന്നോ രണ്ടോ ദിവസങ്ങളില്‍ ചെയ്യുന്നത്.. ........
=അവളുടെ ഒരു ചെറിയ മാല അല്ലെങ്കില്‍ ഒരു വള വാങ്ങി പണയം വെക്കും - കരളു പറിച്ചു തരാന്‍ പറഞ്ഞാല്‍ പറിച്ചു തരുന്ന സമയം ആയതോണ്ട് ഒരെതിര്‍പ്പും ഇല്ലാതെ സാധനം കിട്ടും.. :)
=ഒരു ക്ലിനിക്കില്‍ പോയി കൊളെസ്ട്രോളും ,ഷുഗറും ഒന്ന് ചെക്ക് ചെയ്യും- നാട്ടില്‍ എത്തിയ ഉടനെ അതെല്ലാം ചെക്ക് ചെയ്തിട്ടു
അഥവാ കൂടുതല്‍ ആണേല്‍ അക്കൊല്ലത്തെ അവധി തന്നെ വെറുതെ ആവില്ലേ? ബീഫും ,ബിരിയാണിയുമൊക്കെ പിന്നെ ആര്‍ക്കു തിന്നാനാ ?
= കണ്ണട ഒന്ന് മാറ്റി വാങ്ങും - സ്ഥിരമായി ഉപയോഗിക്കാത്ത സാധനം ആയതോണ്ടും തിരിച്ചു പോരാന്‍ ആയതുകൊണ്ട് കാണുന്നതിനെല്ലാം ഒരു മങ്ങല്‍ അനുഭവപ്പെടുന്നതുകൊണ്ടും ആ ദിവസങ്ങളിലെ കണ്ണടയെ കുറിച്ച് ഓര്‍ക്കൂ..
= ബേക്കറിയില്‍ പോയി കുറച്ചു കറുത്ത ഹലുവയും, മഞ്ഞ ഹലുവയും ,ചിപ്സും വാങ്ങും- അതോരോ കഷ്ണം കൊടുത്താല്‍ മതി കേരളത്തിന്‍റെ മധുരം പിന്നെ ഒരു രാജ്യക്കാരും മറക്കില്ല.

= അഞ്ചാറ് തോര്‍ത്ത്‌ മുണ്ടും കുറച്ചു കര്‍ചീഫും വാങ്ങും - കൂട്ടുകാര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും ചെലവ് കുറഞ്ഞ സമ്മാനം എന്നാല്‍ അവര്‍ക്കത്‌ എന്നും ഉപകാരപ്പെടുകയും ചെയ്യും . അങ്ങനെ പല കൂട്ടുകാരും പലപ്പോഴായി തന്ന തോര്‍ത്തുമുണ്ട് റൂമിലെ അലമാരയില്‍ സ്റ്റൊക്ക് ഉള്ളതും കൂടി ആ സമയത്താണ് വിതരണം ചെയ്തു തീര്‍ക്കല്‍.
= ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാച്ച് അനിയനോ ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ കൊടുത്തു ഒരു വില കുറഞ്ഞ വാച്ചു വാങ്ങി കയ്യില്‍ കെട്ടും - അതുകൊടുക്കാഞ്ഞാല്‍ ഉള്ള പ്രശ്നം വീട്ടീന്ന് ഇറങ്ങാനായത് മുതല്‍ ആരെങ്കിലും ഒക്കെ ഇടയ്ക്കിടയ്ക്ക് സമയം ചോദിച്ചുകൊണ്ടേ ഇരിക്കും .. ആ വാച്ച് ഇപ്പോളും നിന്‍റെ കയ്യില്‍ തന്നെയാണുകെട്ടോ എന്ന ഓര്‍മപ്പെടുത്തലായി

= വേണ്ടപ്പെട്ടവര്‍ക്കെല്ലാം വിളിച്ചു യാത്ര പറയും - ഇപ്പ്രാവശ്യത്തെ തിരക്കും കാണാന്‍ പറ്റാത്തതിലുള്ള വിഷമവും എല്ലാം പറഞ്ഞു അടുത്ത വരവിനു തീര്‍ച്ചയായും കാണാം എന്ന ഒരു ഭംഗിവാക്കും കൂട്ടിച്ചേര്‍ക്കും.
= മൊബൈലില്‍ നിന്നും സിം,മെമ്മറി കാര്‍ഡ് മുതലായവ ഊരി മാറ്റി വരുമ്പോള്‍ ഒരു മൊബൈല്‍ കൊണ്ട് വരണേ എന്ന് പറഞ്ഞു വെച്ചവരില്‍ നിന്നും മുന്‍ഗണനാ ക്രമം അനുസരിച്ച് ഒരാളെ തിരഞ്ഞെടുത്തു അയാള്‍ക്ക്‌ കൊടുക്കും ..
=കെ ആര്‍ ബേക്കറിയില്‍ നിന്നും ഒരു പപ്സും ,ഷാര്‍ജ ഷൈകും വാങ്ങി കഴിച്ചു അതിന്‍റെ രുചി അടുത്ത ഒരു വര്‍ഷതെയ്ക്കായി സേവ് ചെയ്തുവെക്കും..

=ഒരു കിന്‍റെര്‍ ജോയി വാങ്ങി മോന് കൊടുക്കും.. കൂടെ ഒരു ഉപദേശവും ..ഇപ്പപ്പന്‍റെ കയ്യില്‍ എപ്പോളും കാശ് കാണണമെന്നില്ല അതോണ്ട് എങ്ങൊട്ടെലും പോകുമ്പോള്‍ കിന്‍റെര്‍ ജോയി വേണം എന്നൊക്കെ പറഞ്ഞു വാശി പിടിക്കരുതുട്ടോ ..
= മാര്‍ക്കറ്റില്‍ നിന്നും മുഴുത്ത മാങ്ങ രണ്ടു കിലോ വാങ്ങി ഭദ്രമായി പൊതിഞ്ഞു വെക്കും - മാനേജര്‍ക്ക് കൊടുക്കാനായി.. കൊടുക്കുമ്പോള്‍ മാനേജരോട് പറയാനുള്ള ഡയലോഗ് അപ്പഴേ മനസ്സില്‍ കരുതും.... സാറിനു വേണ്ടി എന്‍റെ ഉപ്പ ഞങ്ങളെ മുറ്റത്ത്‌ നട്ടുവളര്‍ത്തിയ മാവില്‍ ഉണ്ടായ മാങ്ങയാണ്‌ ..
=കൂട്ടുകാര്‍ക്ക് കൊടുക്കാനായി വാങ്ങിയ ഇറച്ചി വരട്ടുമ്പോള്‍ അടുക്കളയില്‍ ചുറ്റി പറ്റി നിക്കും. ഉമ്മ അപ്പഴേ പറയും ഇതവിടെ എത്തിയാല്‍ നിന്‍റെ കൂട്ടുകാര്‍ക്ക് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല :)

= അക്കൊല്ലത്തെ അവസാനത്തെ അത്താഴത്തില്‍ ഇച്ചിരി ഉപ്പു കൂടുതലായി തോന്നിയാല്‍ ഞാന്‍ ഒന്നും പറയാറില്ല. ഒന്നുങ്കില്‍ ഉമ്മാന്റെ അല്ലെങ്കില്‍ അവളുടെ കണ്ണുനീര്‍ വീണതുകൊണ്ടാവാം കറിയില്‍ കുറച്ചു ഉപ്പു കൂടിപ്പോയത് എന്നെനിക്കറിയാം.. നിങ്ങള്‍ക്കും..
 Unlike ·  · Unfollow Post · Share · Promote
You, Shajil Chevitichi Chakkara, Sadikh Anchal, Najimudeen Naiju and 1,513 others like this.

കാഞ്ഞിരപ്പുഴയുടെ കഥ.......


പണ്ട് പണ്ട് ഒരു നാട്ടില്‍ ഒരു പുഴയുണ്ടായിരുന്നു."കാഞ്ഞിരപ്പുഴ". അവളങ്ങിനെ എന്നും മനോഹരമായി ഒഴുകികൊണ്ടിരുന്നു. സ്വസ്ഥമായി ,സ്വതന്ത്രയായി.. അവള്‍ക്കാരോടും ഒരു ഉത്തരവാദിത്യവും ഇല്ലായിരുന്നു . അവള്‍ക്കു തോന്നുന്നത് പോലെ അവളോഴുകി. ചിലപ്പോള്‍ കരകവിഞ്ഞും,ചിലപ്പോഴൊക്കെ ഒരു നീര്‍ ചാലായും .. 

ഒരിക്കല്‍ സര്‍ക്കാര്‍ അവള്‍ക്കു കുറുകെ ഒരു അണക്കെട്ട് കെട്ടി. അതോടെ തീര്‍ന്നു അവളുടെ എല്ലാ സ്വാതന്ത്ര്യവും. അവര്‍ അവളെ കുറേശ്ശേയായി ഒരു കനാലിലൂടെ പറഞ്ഞയച്ചു അവരുടെ കാര്‍ഷികവും,അല്ലാത്തതുമായ ആവശ്യങ്ങള്‍ നടത്തും. വര്‍ഷത്തില്‍ ഒരിക്കല്‍ മഴ തിമിര്‍ത്തു പെയ്താല്‍ കുറച്ചു ദിവസത്തേയ്ക്ക് അവളെ തുറന്നു വിടും,അന്നവള്‍ പഴയ മധുരിക്കുന്ന ഓര്‍മകളുമായി കുറച്ചു ദിവസം ശക്തമായി ഒഴുകും..

എന്‍റെ കഥ...........
മുകളിലെ കഥയിലെ കാഞ്ഞിരപുഴയ്ക്കു പകരം എന്‍റെ പേര് ചേര്‍ക്കുക, അണക്കെട്ടിനു പകരം പ്രവാസം എന്നും വായിക്കുക.
കാഞ്ഞിരപ്പുഴയുടെയും എന്‍റെയും കഥ ഒന്ന് തന്നെ. ധര്‍മ്മവും.. :
 

പണിമുടക്കും പ്രായഭേദങ്ങളും........

കുഞ്ഞായിരിക്കുമ്പോള്‍.-,- നശിച്ച ബന്ദ്‌ കാരണം ഒരു മിഠായി പോലും വാങ്ങാന്‍ പറ്റുന്നില്ല !!
വിദ്യാര്‍ഥി - എന്നും ഹര്‍ത്താല്‍ ആണേല്‍ എന്ത് സുഖം. ഒന്നും പഠിക്കണ്ടാ. 
കോളെജിലെത്തിയാല്‍ - കോപ്പിലെ ബന്ദ്‌ കാരണം ഇന്നവളെ കാണാന്‍ കഴിഞ്ഞില്ല. 
പണിയൊന്നുമില്ലാതെ നാട്ടില്‍ തേരാ പാരാ നടക്കുന്ന കാലം--ഈങ്കിലാബ് സിന്ദാബാദ് ...അവകാശങ്ങള്‍ നേടിയെടുക്കാന്‍ ..മരണംവരെയും സമരം ചെയ്യും.. !!!
പെണ്ണൊക്കെ കെട്ടി കുട്ടികള്‍ ഒക്കെ ആയ ഗൃഹനാഥന്‍ ----പണിമുടക്ക്‌ ആണ് പോലും പണി മുടക്ക്. ഇന്ന് മുഴുവന്‍ ലെവളെ തിരുമോന്തയും കണ്ടിരിക്കണം.ബിവറേജസില്‍ ഇന്നലെ ചുമ്മാ തിക്കി തിരക്കി വരി നിന്നതും വെറുതെയായി .. 
ഗള്‍ഫില്‍ എത്തിയാല്‍.. ..-.0,- ഹം ..നാളേം ഹര്‍ത്താല്‍. നാട്ടിലുള്ളവന്മാര്‍ക്കൊന്നും ഒന്നും നോക്കണ്ടല്ലോ. കാശ് അയക്കാന്‍ ഞങ്ങള്‍ പ്രവാസികള്‍ ഇല്ലേ. ഇവന്മാരെയൊക്കെ ഈ മരുഭൂമിയില്‍ കൊടുന്നിടണം.എങ്കിലെ പഠിക്കൂ.. (ഇഷ്ട്ടം പോലെ പെട്രോള്‍ കുഴിച്ചു എടുക്കുന്നതോണ്ട് മാത്രം സമരം എന്താണെന്ന് അറിയാത്ത ഒരു സമൂഹത്തെ നോക്കി നാട്ടിലെ സമരങ്ങളെ പുച്ചിക്കുമ്പോള്‍ ആരും ഓര്‍ക്കില്ല..............നിരന്തരമായ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ കൊണ്ട് മാത്രമാണ് നാട്ടിലെ വേണ്ടപ്പെട്ടവര്‍ എല്ലാം വല്ല്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ജീവിച്ചു പോകുന്നതെന്ന്)
വാര്‍ധക്യത്തില്‍.. ---==,--ഇതാണോ സമരം.. ചെയ്‌ .. എന്‍റെ ഒക്കെ നല്ല കാലത്ത്ബന്ദ്‌ ദിനത്തില്‍ ഒരു സൈക്കിള്‍ പോലും റോഡില്‍ ഇറക്കാന്‍ ഞങ്ങള്‍ സമ്മതിച്ചിട്ടില്ല. 

സമര്‍പ്പണം=ബന്ദ്‌ ദിനത്തിലും പണിയെടുക്കാന്‍ വിധിക്കപെട്ട പാവം പാല്‍ക്കാരനും,പത്രക്കാരനും ..

വിസ -


 ദോഹയിലെ മൃഗ ശാലയില്‍ പുതിയതായി വന്ന ഇന്ത്യന്‍ കടുവ തനിക്കു കഴിക്കാനായി കിട്ടിയ പഴവും,ആപ്പിളും,നിലക്കടലയും കഴിക്കാതെ നിരാഹാരം കിടന്നു പ്രതിക്ഷേധം പ്രകടിപ്പിച്ചപ്പോള്‍ കടുവയുടെ നോട്ടക്കാരന്‍ അതിനോട് പറഞ്ഞു.......
നീ കടുവ ആയിരിക്കാം.. കാട്ടിലെ വെല്ല്യ ആളുമായിരിക്കാം . പക്ഷെ നീ ഇങ്ങോട്ട് വന്ന വിസ കുരങ്ങന്‍റെതാണ് .

(കേട്ട് മറന്ന കഥക്ക് കടപ്പാട് )

ആള്‍ കേരള പ്രവാസി അസോസിയേഷന്‍ ഓഫ് ഫേസ് ബുക്ക് (അക്പോഫ്)

 ആള്‍ കേരള പ്രവാസി അസോസിയേഷന്‍ ഓഫ് ഫേസ് ബുക്ക് (അക്പോഫ്)യുണിയന്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഹര്‍ജി . 
ദയവു ചെയ്തു മാസത്തില്‍ ഒരു ദിവസമെങ്കിലും താങ്കളും സഹമന്ത്രിമാരും മൌനവൃതമെടുത്തു ഞങ്ങള്‍ക്ക് മറ്റെന്തെങ്കിലും വിഷയം പോസ്റ്റാന്‍ അവസരം നല്‍കുക. ഫേസ് ബുക്കിനു സ്കൂള്‍ ബുക്കിനു നല്‍കുന്നപോലെ സബ്സിഡി നല്‍കുക. സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ കമ്പ്യുട്ടറുകളിലും ഇന്റര്‍ നെറ്റ് സംവിധാനം അനുവദിക്കുക. ഫേസ് ബുക്കിലിരുന്നു നാടിനെ പറ്റി പറഞ്ഞു കരയുന്ന പ്രവാസികള്‍ക്ക് വേണ്ടി നാട്ടിലെ പണിയില്ലാതെ നടക്കുന്ന ചെറുപ്പക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക .
ഗള്‍ഫിലേക്ക് സന്ദര്‍ശനത്തിനു വരുന്ന നേതാക്കന്മാരോട് മനുഷ്യന്മാരെ പോലെ സംസാരിക്കാന്‍ പറയുക. പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയിടുന്ന പെണ്‍കുട്ടികള്‍ക്ക് സദാചാര ഉപദേശക്കാരില്‍ നിന്നും സംരക്ഷണം നല്‍കുക. പേജിനു ലൈക് ചോദിച്ചു നടക്കുന്നവന്മാരെ തിരഞ്ഞെടുപ്പ് സമയത്ത് വൊട്ട് ചോദിച്ചു നടക്കാനുള്ള സംഘങ്ങളിലെ ലീഡര്‍മാര്‍ ആക്കുക. ഹരിത എമ്മേല്ലെമാരെ കൊണ്ട് ഫാംവില്ല കളിപ്പിക്കുക . മനോരമയുടെ ലിങ്ക് ഫേസ് ബുക്കില്‍ ഇടുന്നവന്മാരെ കല്‍തുറങ്കില്‍ അടക്കുക.പണിയൊന്നുമില്ലാത്ത വനിതാ മന്ത്രിയുടെ ചാറ്റ് ബോക്സില്‍ പച്ച ലൈറ്റ് കത്തിച്ചു വെക്കാന്‍ പറയുക. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയുടെ ഫോട്ടോ എടുത്തു യുണിയനിലെ ആളുകളെ ടാഗ് ചെയ്യുക . താടിക്കാരന്‍ ഡോക്റ്ററുടെ കോലം കത്തിക്കാന്‍ പെട്രോളിന് സബ്സിഡി നല്‍കുക. പിസി ജോര്‍ജ് ചേട്ടന്‍റെ ഡയലോഗുകള്‍ സെന്‍സര്‍ ചെയ്തു പ്രസിദ്ധീകരിക്കുക. 
എമെര്‍ജിംഗ് കേരളയുടെ പോസ്റ്റ്‌ പബ്ലിക് ആക്കുക. എല്ലാ പബ്ലിക് കക്കൂസിലും വൈ ഫൈ നിലവില്‍ വരുത്തുക. ഞങ്ങളുടെ പ്രൊഫൈല്‍ അക്ക്രമികുന്ന വൈറസിനെ ചെറുക്കാന്‍ കേരള പോലീസിന്റെ സംരക്ഷണം നല്‍കുക. ജാതി പറഞ്ഞു താങ്കളെ പേടിപ്പിക്കുന്നവരെ പോക്ക് ചെയ്യാന്‍ ഞങ്ങളെ അനുവദിക്കുക. പ്രവാസികളെ കളിയാക്കുന്ന നാട്ടിലുള്ള അണ്ണന്മാരുടെ നെറ്റ് കണെക്ഷന്‍ എന്തെങ്കിലും കാരണം പറഞ്ഞു ഒഴിവാക്കുക. തീവ്രവാദ ബന്ധം തന്നെ ആയാല്‍ വളരെ നല്ലത് .രക്തം നല്‍കാന്‍ പറഞ്ഞു പോസ്ട്ടിടുന്നവന്റെ ഒരു കുപ്പി രക്തം എങ്കിലും ഊറ്റിയെടുക്കുക. അനാവശ്യമായി ഫോട്ടോ ടാഗ് ചെയ്തു ആളുകളെ ബുദ്ധിമുട്ടിക്കുന്നവരെ ഒരു ദിവസം നിര്‍ബന്ധിച്ചു നിയമസഭയില്‍ ഇരുത്തുക. മാവോയിസ്റ്റുകളെകുറിച്ച് വാര്‍ത്ത ഇറക്കി ജനശ്രദ്ധ തിരിക്കുന്ന പരിപാടി ഉപേക്ഷിക്കുക.ഞങ്ങളെ കൂടെ ജോലി ചെയ്യുന്ന പല നേപ്പാളികളും ശ്രീലങ്കക്കാരും, മാവോയിസ്റ്റുകളും,പുലികളും ഒക്കെ ആണെന്ന കാര്യം മനസ്സിലാക്കുക. 
കേരളത്തില്‍ രാത്രി ഭക്ഷണം ഖുബ്ബൂസ് ആയി പ്രഖ്യാപിക്കുക , അതിനു സബ്സിഡി നല്‍കുക.



നുണ-


തലേന്നിട്ട പോസ്റ്റിന്‍റെ കമെന്റിനു മറുപടി കൊടുത്തുകൊണ്ടിരിക്കുന്നതിനിടക്ക് ഞാനവളോട് പറയും ഭയങ്കര ജോലി തിരക്കാടി .. ഞാന്‍ വൈകീട്ട് വിളിക്കാം .. 

ഇപ്പോള്‍ സിഗരറ്റ് വലി കുറവാണല്ലോ അല്ലെ എന്നവള്‍ ചോദിക്കുമ്പോള്‍ വലിച്ചുകൊണ്ടിരിക്കുന്ന സിഗരറ്റ് കുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു ഞാനവളോട് നുണ പറയും.. നാട്ടീന്നു വന്നതില്‍ പിന്നെ ദിവസം രണ്ടെണ്ണെ വലിക്കാറുള്ളൂ ..

ഇന്നലേം നിന്നെ ഞാന്‍ സ്വപ്നത്തില്‍ കണ്ടിരുന്നു എന്നവളോട് നുണ പറയുമ്പോള്‍ അവളൊരു മനസ്സ് നിറഞ്ഞ ചിരി ചിരിക്കും.. 

എല്ലാം കഴിഞ്ഞു ഫോണ്‍ വെക്കുമ്പോള്‍ ഞാന്‍ പറഞ്ഞ നുണകള്‍ക്കെല്ലാം കൂടെ പകരമായി അവളൊരു പെരുംനുണ പറയും.. 
അവള്‍ക്കവിടെ സുഖമാണെന്നു ................ .. ...........

148Unlike ·  ·  ·  · Promote

ഒരു സാധാരണ പ്രവാസിയുടെ ഫ്രിഡ്ജ് :P

മുകളിലെ ചെറിയ ഡോര്‍ തുറന്നാല്‍ കാണാം
 മഞ്ഞു മൂടി കിടക്കുന്ന ഒരു ചെറു മലനിര.
എന്നോ അന്തരിച്ച ഒരു കോഴി.
പരസ്പരം കെട്ടി പിടിച്ചു കിടക്കുന്ന
ചുവന്ന കണ്ണുകളുള്ള ഒരഞ്ചാറു മത്തി.

താഴെയുള്ള വലിയ ഡോര്‍ തുറക്കുമ്പോള്‍ തന്നെ 
വലിയ രണ്ടു പാറ്റകള്‍ എങ്ങോട്ടോ ഓടി മറയുന്നത് കാണാം.
അകത്തേയ്ക്ക് നോക്കിയാലോ.....
പുറം ഭാഗം ഒരിക്കലും കഴുകിയിട്ടില്ലാത്ത 
കരിപിടിച്ച ഒരു പാത്രത്തില്‍ കുറച്ചു കോഴി കറി..
തൈര് വാങ്ങിയ ചെറിയ പ്ലാസ്റ്റിക് ബക്കെറ്റില്‍
മഞ്ഞ നിറത്തില്‍ പുളിയില്ലാത്ത കുറച്ചു മോര് കറി 
എന്നും എണ്ണി മാത്രം നുള്ളിയെടുക്കുന്ന 
ഒരു പിടി കറിവേപ്പില 

ഫുഡ്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന കൂട്ടുകാരന്‍
 തന്ന ഡേറ്റ് തീരാനായ ഒരു കുപ്പി മയോണിസ്
ശൈക്കിന്‍റെ വീട്ടിലെ ഡ്രൈവര്‍ തന്ന 
ഒരു പാക്കെറ്റ് ഈത്തപഴം 
നാട്ടീന്നു കൊണ്ട് വന്ന ഒരു കുപ്പി അച്ചാര്‍ 
ഒരു കെട്ടു പപ്പടം.. 
മൊയ്തീന്‍ ഇക്കാന്റെ ഗ്യാസിനുള്ള ഗുളിക..
നാല് മുട്ട 
ഓഫര്‍ ഉള്ളപ്പോള്‍ വാങ്ങിയ ഒരു കവറ് പച്ചക്കറി .
റമദാന്‍ ആണെങ്കില്‍ കുറെ പഴവര്‍ഗങ്ങളും കാണാം 

ഐസിയുവില്‍ കാണുന്ന ഓക്സിജന്‍ കുറ്റിപോലെ
പ്രവാസിയുടെ ഫ്രിഡ്ജില്‍ എപ്പോഴും കാണും 
ജീവന്‍ നിലനിര്‍ത്താനായി ഒരു പാക്കെറ്റ് ഖുബ്ബൂസ് ..

ഫ്രിഡ്ജിനെ ജീവിതവുമായി കൂട്ടി വായിക്കുമ്പോള്‍ 
വലിയൊരു തിരിച്ചറിവ് നമുക്ക് കിട്ടും.. 
ചെറിയൊരു തണുപ്പ് മതി ...........
ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍.. ദിവസങ്ങളോളം നിലനിര്‍ത്താന്‍

ചെരുപ്പ്.


ഇണയെ നഷ്ട്ടപെട്ടാല്‍ പിന്നീട് തനിച്ചു ജീവിക്കാന്‍ സാധിക്കാത്ത ലോകത്തിലെ ഏക പ്രണയ ജോഡി.........ഒറ്റ വാക്കില്‍ നമുക്കങ്ങിനെ വിശേഷിപ്പിക്കാം ചെരുപ്പിനെ ...:) 

കുറെ കാലം പിറകിലോട്ടൊന്ന് കാതോര്‍ത്തു നോക്കൂ.. നമ്മള്‍ അമ്മയുടെ കൈ പിടികാതെ ആദ്യമായി കിട്ടിയ പീപ്പിയുള്ള ഷൂ ഇട്ടു തനിയെ നടക്കുകയാണ്..പീ..പീ .പീ.. ആ ചൊമന്ന നിറം നമ്മുടെ മനസ്സീന്നു മാഞ്ഞു പോയെങ്കിലും ആ ശബ്ദം ഇപ്പോഴും കേള്‍ക്കാം.. പീ പീ ..

ഇനിയാണ് നമ്മുടെ ജീവിതത്തില്‍ ചെരുപ്പുമായുള്ള ബന്ധം തുടങ്ങുന്നത്.നമ്മുടെ വളര്‍ച്ച നമ്മള്‍ മനസ്സിലാക്കില്ലെങ്കിലും നമ്മുടെ കാല്‍പാദത്തിന്‍റെ വളര്‍ച്ച ഓരോ ഘട്ടത്തിലും നമുക്കറിയാന്‍ പറ്റും .. അഞ്ച് ഇഞ്ചില്‍ തുടങ്ങി,ആറു,ഏഴു,എട്ട്, ഒന്‍പതില്‍ എത്തിയാല്‍ പിന്നെ അപൂര്‍വമായേ കാല്‍ പാദം വളരൂ.. പത്തു ഇഞ്ച്‌ അപൂര്‍വമായി ഉപയോഗിക്കുന്നവരും ഉണ്ട് .

ഒരു പുതിയ ചെരുപ്പ് കിട്ടിയാല്‍ തീര്‍ച്ചയായും ആദ്യം ചെയ്യുന്ന പരിപാടി പഴയ ചെരുപ്പിനെ വലിച്ചെറിയുക എന്നതാണ്.മടമ്പ് പതിക്കുന്ന ഭാഗത്ത്‌ ചെറിയൊരു അമ്പിളി കല വന്നു തുടങ്ങിയ ചെരുപ്പിനെ ഒരു ദയയുമില്ലാതെ നമ്മള്‍ ദൂരേക്ക്‌ വലിച്ചെറിയും.. ചിലപ്പോള്‍ രണ്ടു വണ്ടി ചക്ക്രം വെട്ടിയെടുക്കാന്‍ ഉള്ള വകുപ്പുണ്ടെങ്കില്‍ അത് ചെയ്യും.

പുഴക്കരയില്‍ കുളിക്കാനായി പോയാല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് ചിലപ്പോള്‍ ചെരുപ്പ് കഴുകാന്‍ വേണ്ടി ആയിരിക്കും.കഴുകി കഴിഞ്ഞ ചെരുപ്പിനെ ഒരു കല്ലില്‍ കുത്തിച്ചാരി നിറുത്തുമ്പോള്‍ സ്വന്തം ആനയെ പുഴയില്‍ നിന്നും കുളിപ്പിച്ച് കയറ്റിയ ഒരു സന്തോഷമുണ്ടാകും മുഖത്ത്.പലപ്പോഴും പ്രണയിനി അപ്പുറത്തെ കടവിലേക്ക് കുളിക്കാന്‍ വരാന്‍ വൈകിയാല്‍ സമയം തള്ളി നീക്കുന്നത് ഈ ചെരുപ്പ് കഴുകികൊണ്ടാവും .
പള്ളിയിലേക്കോ ,അമ്പലത്തിലേക്കോ പോകുമ്പോള്‍ എന്താടാ ചെരുപ്പ് മാറ്റാനായോ എന്ന് ആരെങ്കിലും വിളിച്ചു ചോദിച്ചാല്‍ നമ്മളൊരു വഷളന്‍ ചിരി ചിരിച്ചു നേരെ നടക്കും.
VKC , BYKOF , LUNAR ,HAWAKER അങ്ങിനെ എത്രയെത്ര കമ്പനികള്‍,സ്കൂള്‍ കാലഘട്ടത്തില്‍ എല്ലാ ക്ലാസിലും ഉണ്ടാകും ഒരു സ്പെഷ്യലിസ്റ്റ്.ചെരുപ്പിന്‍റെ വാറു പറിഞ്ഞു പോന്നാല്‍ അവനെയാണ്‌ നമ്മള്‍ സമീപിക്കുക,ഷര്‍ട്ടിന്‍റെ അടിഭാഗം ചെരുപ്പിന്‍റെ ഹോളിലേക്ക്‌ കയറ്റി വാര്‍ അതില്‍ കുരുക്കി താഴേക്കു വലിച്ചു കയറ്റാന്‍ അവനു ഒരു പ്രത്യേക കഴിവാണ്.

നടന്നു പോകുമ്പോള്‍ കാലില്‍ ചെറിയൊരു വേദന തോന്നിയാല്‍ നമ്മള്‍ ചെരുപ്പ് എടുത്തു നോക്കും, അപ്പോള്‍ കാണാം വലിയൊരു മുള്ള്.ആ മുള്ള് പറിച്ചു കളഞ്ഞു നമ്മുടെ കാലില്‍ തറക്കേണ്ട ആ മുള്ളിനെ തടഞ്ഞു നിര്‍ത്തിയ ചെരുപ്പിനെ ഒന്ന് നന്ദിയോടെ നോക്കിയിട്ട് നമ്മള്‍ വീണ്ടും നടത്തം തുടരും..

പ്രവാസത്തിന്‍റെ സ്വാഭാവിക തിരക്കും,അലസതയും പിന്നെ പുറത്തു പോകുമ്പോഴും ,ജോലിക്കും ഷൂവും.. അതുകൊണ്ട് തന്നെ ഇപ്പോള്‍ ചെരുപ്പ് കഴുകാന്‍ ഒന്നും മിനക്കെടാറില്ല,കുളിക്കുമ്പോള്‍ ചെരുപ്പും ഒന്ന് നനയും..
ഒഴിവു ദിവസങ്ങളില്‍ കൂട്ടുകാരുടെ റൂമില്‍ പോകുമ്പോള്‍ ഒന്ന് രണ്ടു വട്ടം അബദ്ധം പറ്റിയിട്ടുണ്ട്. ഷൂ ധരിച്ചു പോയ നമ്മള്‍ പള്ളിക്ക് പോകുമ്പോള്‍ അവിടെ കിടന്ന കൂട്ടുകാരുടെ ഏതെങ്കിലും ചെരുപ്പിട്ട് പോകും,പിന്നെ നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ആവും ഓര്‍ക്കുക ഏതു ചെരുപ്പിട്ടാ താന്‍ വന്നതെന്ന്. പള്ളിയിലെ തിരക്ക് ഒരുവിധം കഴിയുന്നതുവരെ കാത്തിരികുകയല്ലാതെ വേറെ വഴിയില്ല.
ഒരിക്കല്‍ കൂട്ടുകാരന്‍റെ റൂമില്‍ ഇരിക്കുമ്പോള്‍ കുറെ തബ് ലീഗുകാര്‍ ഉപദേശിക്കാന്‍ വന്നു അവരുടെ ഹിന്ദി മുഴുവനായി എനിക്ക് അറിയാത്തതുകൊണ്ട് ഞാന്‍ പെട്ടെന്ന് ഇല്ലാത്ത കാള്‍ അറ്റന്‍ഡ് ചെയ്തു ഫോണില്‍ സംസാരിച്ചു പുറത്തേയ്ക്ക് പോയി.കുറെ കഴിഞ്ഞു കൂട്ടുകാരന്‍ വിളിച്ചു നീ എന്ത് പണിയാ കാണിച്ചേ.നീ ഇട്ടു പോയ ചെരുപ്പ് ഈ വന്ന ആളുകളുടെതാണ് പെട്ടെന്ന് കൊണ്ട് വാ.. അവരു നിന്നെ കാത്തിരിക്കുന്നു.
കാല്‍പാദം നീര് വന്നു അവശനായ ഒരാളെ ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ ഡോക്ടര്‍ ഞങ്ങളോട് ചൂടായി.. ഇതുപോലത്തെ ചെരുപ്പ് ഇട്ടാല്‍ പിന്നെ എങ്ങിനെ കാലിനു അസുഖം വരാതിരികും.അപ്പോഴാണ്‌ ഞങ്ങള്‍ അത് ശ്രദ്ധിച്ചത്.നീരുള്ളത് കാരണം ഷൂ ഇടാന്‍ ബുദ്ധിമുട്ടുള്ള സുഹൃത്ത്‌ ബാത്രൂമിലെ ഒരു പഴയ ചൊറി പിടിച്ച ചെരുപ്പ് ആണ് ധരിച്ചിരുന്നത്. അവനും,ഞങ്ങളും അത് ശ്രദ്ധിച്ചിരുന്നില്ല.
കുറെ എഴുതാനുണ്ട്.എഴുത്തിന്‍റെ നീളം കാല്‍പാദത്തിനു പുറത്തേയ്ക്ക് നീണ്ടു നില്‍ക്കുന്ന ചെരുപ്പ് പോലെ അരോചകം ആയതിനാല്‍ നിറുത്തുന്നു,MF ഹുസൈന്‍ ജീവിതത്തില്‍ ഒരിക്കലും ചെരുപ്പ് ധരിച്ചിട്ടേ ഇല്ല എന്ന് കേട്ടിട്ടുണ്ട് . പഴയ നമ്മുടെ ആള്‍ക്കാരും ചെരുപ്പില്ലാത്തവര്‍ ആയിരുന്നു.അതുകൊണ്ട് തന്നെ ഭൂമിയെ തലോടി നടന്നിരുന്ന അവരെല്ലാം ഒരുപാട് കാലം ഒരു കുഴപ്പവുമില്ലാതെ കുറെ കാലം ജീവിച്ചിരുന്നു എന്നത് ഇതിന്‍റെ മറ്റൊരു വശം..

മഴക്കാലത്ത്‌ പുറത്തു പോയി വന്നാല്‍ ഉമ്മ തീര്‍ച്ചയായും ചീത്ത പറയും,കാരണം ചെരുപ്പിന്‍റെ വികൃതി നമ്മുടെ ഫാന്റും കഴിഞ്ഞു ഷര്‍ട്ടിന്റെ താഴ്ഭാഗം വരെ ചുവന്ന പുള്ളികള്‍ തീര്‍ത്തിട്ടുണ്ടാകും . ഒരുപാട് നേരത്തെ മല്‍പിടുത്തം കൊണ്ട് ഉമ്മ ആ പുള്ളികള്‍ എല്ലാം മായ്ച്ചു കളയും ..
പക്ഷെ കാലമെന്ന ഉമ്മാക്ക് നമ്മുടെ മനസ്സില്‍ നിന്നും ചില പുള്ളിക്കുത്തുകള്‍ മായിച്ചു കളയാന്‍ അത്ര പെട്ടെന്നൊന്നും കഴിയില്ല. അതിങ്ങനെ ഓരോ കൊപ്പന്മാരുടെ ഫേസ് ബുക്ക് പോസ്റ്റായി നമ്മളെ ഓര്‍മിപ്പിച്ചുകൊണ്ടേ ഇരിക്കും :p

കത്ത് -


നാട്ടില്‍ നിന്നും വന്ന കത്ത് അവന്‍ രണ്ടു മിനിട്ടിനുള്ളില്‍ വായിച്ചു തീര്‍ത്തത് കണ്ടു ഞാന്‍ ചോദിച്ചു ..... ഡാ ഇത്ര പെട്ടെന്ന് കത്ത് വായിച്ചു തീര്‍ന്നോ?

ഓ ..അതിനു കത്തില്‍ അക്ഷരങ്ങള്‍ അല്ലല്ലോ ..അക്കങ്ങള്‍ അല്ലെ കൂടുതല്‍ !!!
വളരെ നിഷ്ക്കളങ്കമായിട്ടായിരുന്നു അവന്റെ മറുപടി. :)

രാത്രി കാവല്‍ക്കാരന്‍ !!


കമ്പനിയില്‍ നിന്നും കുറച്ചു മാറി സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ ഒരു സ്റ്റോറില്‍ നേപാളി സ്വദേശിയായ ഒരു രാത്രി കാവല്‍ക്കാരന്‍ ഉണ്ട്.(ഗൂര്‍ഖയല്ല )
കഴിഞ്ഞ ആഴ്ച അവന്‍റെ ടോര്‍ച്ച് ആരോ അടിച്ചു മാറ്റി,എന്നോട് വന്നു പറഞ്ഞപ്പോള്‍ റിക്യുസ്റ്റ് ഉണ്ടാക്കി പുതിയതോന്നു വാങ്ങി കൊടുത്തു..
ഇന്നലെ വീണ്ടും അവന്‍ വന്നു. അവന്‍റെ സൈക്കിള്‍ ആരോ കട്ടുകൊണ്ടു പോയി എന്നും പറഞ്ഞു.
പുതിയ ഒരു സൈക്കിള്‍ വാങ്ങാന്‍ റിക്യുസ്റ്റ് ഉണ്ടാക്കി ചെന്നപ്പോള്‍ മാനേജര്‍ പറഞ്ഞു.അബ്ബാസ് ഒരു പുതിയ സെക്യുരിറ്റിക്കാരന് വേണ്ടി ഒരു റിക്യുസ്റ്റ് ഉണ്ടാക്ക്.നമുക്കവന്റെ സാധങ്ങള്‍ സൂക്ഷിക്കാന്‍ മാത്രമായി ഒരു കാവല്‍ക്കാരനെ ഏര്‍പ്പാടാക്കാം 

പൊക്കിള്‍കൊടി


ജനിച്ചു വീണ എന്റെ പൊക്കിള്‍കൊടി മുറിച്ചു ഉമ്മയുമായുള്ള ബന്ധം അറുത്തുമാറ്റാന്‍ ശ്രമിക്കുന്ന ഡോക്റ്റര്‍മാരുടെ മുഖത്തേയ്ക്കു നോക്കി കൈകാല്‍ ഇട്ടടിച്ചു ഞാന്‍ ഞാന്‍ കരഞ്ഞു പറഞ്ഞു.. അരുതേ എനിക്ക് അധ്വാനിച്ചു ജീവിക്കാന്‍ വയ്യേ . അത് മുറിച്ചു മാറ്റല്ലേ :):):):)

പിന്നീട് പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം നാടുമായുള്ള എന്റെ പൊക്കിള്‍ കൊടി ബന്ധം മുറിച്ചു മാറ്റി എന്നെ ഗള്‍ഫിലേക്ക് കയറ്റി അയക്കാന്‍ നോക്കിയപ്പോളും ഞാന്‍ നിലവിളിച്ചു . അരുതേ എനിക്ക് അധ്വാനിച്ചു ജീവിക്കാന്‍ വയ്യേ....അന്നും ആരുമത് കേട്ടില്ല..

ഇപ്പോള്‍ ഗള്‍ഫുമായുള്ള പൊക്കിള്‍കൊടി ബന്ധം മുറിച്ചു മാറ്റാന്‍ നോക്കുമ്പോള്‍ വീട്ടുകാര്‍ കരയുന്നു.. അരുതേ ഞങ്ങള്‍ക്ക് അധ്വാനിച്ചു ജീവിക്കാന്‍ വയ്യേ :P ഇന്ന് എനിക്കത് കേള്‍ക്കാതിരിക്കാനും വയ്യാ ......

 

സോറി !!

എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ (സോറി ഓര്‍മ ശരിയാവണമെന്നില്ല.ATM കാര്‍ഡിന്‍റെ പാസ്‌ വേര്‍ഡ്‌ ഓര്‍മയില്‍ നില്‍ക്കാത്ത ആളാണ്‌ ഞാന്‍ ) എഴുതിയിട്ട് തെളിയാത്ത ഹീറോപെന്‍ ഒന്ന് ആഞ്ഞു കുടഞ്ഞപ്പോള്‍ അടുത്തിരിക്കുന്ന കൂട്ടുകാരന്‍റെ ഷര്‍ട്ടിലേക്ക് തെറിച്ച മഷി നോക്കിയാണ് അന്ന് ആദ്യമായി ടീച്ചര്‍ പഠിപ്പിച്ച സോറി എന്ന വാക്ക് പ്രയോഗിച്ചു തുടങ്ങുന്നത്.
കുട്ടിയും കോലും കളിക്കുമ്പോള്‍ ഞാന്‍ അടിച്ച കുട്ടി കൊണ്ട് മോന്ത കോടിയ ഹുസൈന്‍കാനോട് സോറി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.തന്തക്കു വിളികേട്ടു.. പിന്നീട് പത്താം ക്ലാസിലെ ലൈല പി,കെ എനിക്ക് നിന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോള്‍ അവളെ സ്വപ്നം കണ്ടു നടന്നിരുന്ന പ്രിയപ്പെട്ട ഒരു കൂട്ടുകാരനു വേണ്ടി അവളോട്‌ സോറി എനിക്ക് നിന്നെ ഇഷ്ട്ടമില്ല എന്ന് ഞാന്‍ പറഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പറയും സോറി ഞങ്ങള്‍ വിശ്വസിക്കില്ലാന്നു.:). 

കോളേജില്‍ ഹാജറ് കുറഞ്ഞതിനു പ്രിന്‍സിപ്പാള്‍ വിളിച്ചപ്പോള്‍ സോറി സാര്‍ ഇനി എന്നും ക്ലാസില്‍ വരാം എന്ന് വാക്ക് കൊടുത്തത് പാലിക്കാന്‍ പറ്റാത്തതില്‍ ഇടയ്ക്കിടയ്ക്ക് സോറി പറയേണ്ടി വന്നിട്ടുണ്ട്. 
ഗാനമേളക്കിടയില്‍ അടിപൊളി പാട്ടിനോപ്പിച്ചു കൂതറ ഡാന്‍സ് കളിച്ചുകൊണ്ടിരിക്കുംമ്പോള്‍ നന്നായി കളിക്കുന്ന ഒരുത്തനെ കണ്ടു അസൂയ മൂത്ത് അറിയാത്ത രീതിയില്‍ അവനൊരു ചവിട്ടു കൊടുത്തിട്ട് സോറി പറഞ്ഞു. പയ്യന്‍ സ്മാര്‍ട്ട് ആയിരുന്നു. തിരിച്ചൊരു ചവിട്ടു ഇങ്ങോട്ടും തന്നിട്ട് കൊടുത്ത സോറി അപ്പം തന്നെ തിരിച്ചു പറഞ്ഞു 
ഒരു മാസം കൊണ്ട് ഇംഗ്ലീഷ് പഠിക്കാനുള്ള ബുക്ക് വായിച്ചപ്പോള്‍ ആദ്യത്തെ പാഠം തന്നെ ഫോണ്‍ ചെയ്യുമ്പോള്‍ അപ്പുറത്തുള്ള ആള്‍ പറഞ്ഞത് മനസ്സിലായില്ലെങ്കില്‍ സോറി എന്നല്ല പാര്‍ഡെന്‍ എന്നാണു പറയേണ്ടത് എന്നതായിരുന്നു. അത് പ്രകാരം ഞാന്‍ പാര്‍ഡെന്‍ പറഞ്ഞവരെല്ലാം അതെന്താണെന്ന് മനസ്സിലാവാതെ തിരിച്ചു ഇങ്ങോട്ട് സോറി പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും സോറി തന്നെ പറയാന്‍ തുടങ്ങി.. 

വിവിധ രാജ്യക്കാരായ ഇരുപതില്‍ കുറയാത്ത ആള്‍ക്കാരെകൊണ്ട് പണിയെടുപ്പിച്ച് കഴിഞ്ഞു പോകുമ്പോള്‍ ഏതേലും ഒരുത്തന്‍ ചെയ്യുന്ന തെറ്റിന് ഇടയ്ക്കിടയ്ക്ക് മാനേജ്മെന്റിനോട് സോറി പറയല്‍ ഒരു ശീലമായി പോയി.. പക്ഷെ വിലക്കുറവ് കിട്ടാന്‍ തര്‍ക്കിച്ച കസ്റ്റമറോട് ഉടക്കിയപ്പോള്‍ കസ്റ്റമര്‍ ഈസ്‌ കിംഗ്‌ ..അദ്ദേഹത്തോട് നിരുപാധികം സോറി പറയു അബ്ബാസ് എന്ന് പറഞ്ഞ മാനേജരോട് സോറി സാര്‍ രാജാക്കന്മാര്‍ ഒരിക്കലും discount ചോദിക്കാറില്ല എന്ന sms കീച്ചിയപ്പോള്‍ സോറി അബ്ബാസ് നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല എന്നും പറഞ്ഞു മാനേജര്‍ പോയത് ഓര്‍ക്കാന്‍ രസമുണ്ട് . 

പന്തുകളി കഴിഞ്ഞു വിശന്നു കൊടല് കരിഞ്ഞു അടുത്ത് കണ്ട ചെറിയൊരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ആകപ്പാടെ ഉള്ള ഒരു വാഷ് ബേസില്‍ കഴുകിയിട്ടും കഴുകിയിട്ടും തൃപ്തി വരാതെ തന്‍റെ വായ വീണ്ടും വീണ്ടും കഴുകികൊണ്ടിരിക്കുന്ന ഒരു ചേട്ടനോട് ചേട്ടന്‍ വായിലൂടെ അപ്പിയിട്ടതാണോ എന്ന് ചോദിച്ചത് കേട്ട് അദ്ദേഹം തിരിഞ്ഞു നോക്കിയപ്പോ കണ്ട പുള്ളിക്കാരന്റെ മീശ എന്നെകൊണ്ട്‌ നാലഞ്ചു സോറി ഒരുമിച്ചു പറയിപ്പിച്ചു. 

സോറി ....എഴുത്തിനു നീളം കൂടുന്നു.അവസാന പാരഗ്രാഫ് ആളാവാന്‍ വേണ്ടി എഴുതുന്നതല്ല.എന്നെ പോലെ തന്നെ നിങ്ങളില്‍ പലരും പലപ്പോഴായി പറഞ്ഞ ഒരു "സോറി" ആയതുകൊണ്ട് മാത്രം എഴുതുകയാണ്. 
ലീവ് കഴിഞ്ഞു മടങ്ങി പോരുമ്പോള്‍ എല്ലാപ്രാവശ്യവും അവള്‍ക്കൊരു ചോദ്യമുണ്ട് .ഇനിയും എത്ര നാള്‍ നമ്മള്‍ ഇങ്ങനെ.. അപ്പോള്‍ നമ്മള്‍ പറയും ഒരു നാല് കൊല്ലം കൊണ്ട് നമ്മുടെ പ്രശ്ങ്ങള്‍ എല്ലാം തീരുമെഡാ .അതുവരെ നീ ക്ഷമിക്ക് ........ .അതിനു ശേഷമാണ് നമ്മള്‍ നമ്മുടെ മനസ്സില്‍ അവളോട്‌ ഒരു സോറി പറയുക. സോറി പെണ്ണേ.. നിന്നെ പറഞ്ഞു പറ്റിക്കുന്നതിന് .....നാലല്ല ..പതിനാലു കൊല്ലം കഴിഞ്ഞാലും നമ്മുടെ ജീവിതം ഇങ്ങനോക്കെ തന്നെയാവും.. ... The End ... (ഇത് സിനിമ കഴിയുമ്പോള്‍ സ്ക്രീനില്‍ നോക്കി പഠിച്ചതാ )

ഒറ്റ സോക്സ്‌ --


വസ്ത്രങ്ങളടുക്കി വെച്ച

അലമാര തുറന്നാല്‍ കാണാം

ഇടത്തെ കോണില്‍ .......

ഇണയെ നഷ്ട്ടപെട്ടരൊറ്റ സോക്സ്‌

പരാതിയോ പരിഭവമോ

ഇല്ലാതൊറ്റക്കിരിക്കുന്നത്. 

അലക്കിയിട്ട് ഉണക്കാനിട്ടപ്പോള്‍---...., 

കാറ്റിലോ മറ്റോ പാറിപോയതായിരിക്കാം 

ചിലപ്പോളതിന്‍റെ ഇണ.. 

ഉണങ്ങാനായിട്ടൊരിക്കലൊരു 

കാറ്റിലിങ്ങോട്ട് പാറിപോന്നപ്പോള്‍

നാട്ടിലെ ചില്ലലമാരയിലെ ഏതോ ഒരു കോണില്‍ 

ഒറ്റക്കിരിത്തേണ്ടി വന്നിട്ടുണ്ടൊരൊറ്റ സോക്സിനെ .......

എന്നെയും കാത്തിരിക്കുന്നൊരൊറ്റസോക്സ്‌ .....

അതിനുമില്ല പരാതിയും,പരിഭവവും ..!!!!!! 

കട്ടകള്‍ !!


അബ്ബാസ് ..എന്ത് ഭാഷയാണ് നിങ്ങളുടേത്? എങ്ങിനെയാ നീ ഈ കട്ടകള്‍ എഴുതിയുണ്ടാക്കുന്നത്? അതെങ്ങിനെയാ നിന്‍റെ കൂട്ടുകാര്‍ വായിക്കുന്നത്? എല്ലാ കട്ടയും ഒരുപോലെയാണല്ലോ?
മൊബൈല്‍ ഫേസ് ബുക്കില്‍ മലയാളം ഫോണ്ട് ഇല്ലാത്തതു കൊണ്ട് എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ കട്ട കട്ടയായി സ്വന്തം മൊബൈലില്‍ കിട്ടുന്ന ഫിലിപൈനി സുഹൃത്ത്‌ ചോദിച്ചത്.

ഗള്‍ഫില്‍ എത്തിയതിനു ശേഷമുള്ള നിസാരമായ ചില തിരിച്ചറിവുകള്‍ !!!


നാട്ടില്‍ വരുന്ന മിക്ക ഗള്‍ഫ്കാരും ഉപയോഗിക്കുന്ന ബെല്‍ട്ടും ,ഷൂസും നാട്ടിലേക്കു വിമാനം കയറുന്നതിന്റെ തലേന്ന് മാത്രം സൂഖില്‍ പോയി വാങ്ങുന്നതാണ്. 

നീവിയ ക്രീം ,ഷാമ്പൂ , ഹെയര്‍ ഓയില്‍. ,സ്പ്രേ എല്ലാം ഗള്‍ഫുകാരന്റെ വീട്ടുകാര്‍ ആണ് അവനേക്കാളും കൂടുതല്‍ ആയി ഉപയോഗിക്കുന്നത്. 

ഗള്‍ഫിലും പൊട്ടിപൊളിഞ്ഞ റോഡുകളും പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളും തള്ളി സ്റ്റാര്‍ട്ട്‌ ആക്കുന്ന വണ്ടികളും ഉണ്ട്. 

മൂട്ടയും,പാറ്റയും ഗള്‍ഫിലും ഉണ്ട് .

സ്കൂളില്‍ നിന്നും മദ്രസയില്‍ നിന്നും പഠിച്ച അറബി ഭാഷ പരീക്ഷക്ക്‌ മാര്‍ക്ക് വാങ്ങാന്‍ മാത്രേ പറ്റൂ.. 

അഞ്ചു കൊല്ലം കൊണ്ട് ഹിന്ദി ടീച്ചര്‍ പടിപ്പിച്ചതിലും നല്ല ഹിന്ദി അഞ്ചു മാസം കൊണ്ട് ഹിന്ദിക്കാരുടെ കൂടെ നിന്നാല്‍ പഠിക്കാം. 

നാട്ടില്‍ വെച്ച് മീന്‍ കറി ഇല്ലാതെ ചോറ് ഉണ്ണാത്ത പലര്‍ക്കും കുറച്ചു തൈരോ അച്ചാറോ മതി ഒരു പ്ലേറ്റ് ചോറ് തിന്നാന്‍. 

ഡ്യൂട്ടി ടൈം എന്നാല്‍ ഉറങ്ങാനും ഭക്ഷണം കഴിക്കാനും ഉള്ള സമയം ഒഴിച്ച് ബാക്കി സമയം മുഴുവന്‍ ആണ് . 

നാട്ടില്‍ അവനവന്‍റെ കാര്യം മാത്രം നോക്കി നടന്നവന്‍ ഗള്‍ഫില്‍ എത്തിയാല്‍ പലരുടെയും കാര്യം നോക്കേണ്ടി വരും.. 

ഉയരമുള്ള ബില്‍ഡിംഗ്‌ എല്ലാം ഉണ്ടാക്കാന്‍ ആറു മാസം മതി. 

ട്രഷറര്‍ ആകാന്‍ ഒരാളെയും ,സെക്രടറി ആകാന്‍ ഒരാളെയും ഏതെങ്കിലും ഒരു ഹോട്ടലില്‍ ലഞ്ചും അറെഞ്ച് ചെയ്യാന്‍ പറ്റിയാല്‍ നിങ്ങള്‍ക്കൊരു സംഘടനയുണ്ടാക്കി അതിന്റെ പ്രസിഡന്റ്‌ ആയി പത്രത്തില്‍ ചിരിച്ചോണ്ട് നില്‍ക്കാം . 

ഓണം പെരുന്നാള്‍ ആകുന്നതുവരെയും,പെരുന്നാള്‍ ക്രിസ്തുമസ് ആകുന്നതു വരെയും ക്രിസ്തുമസ് വിഷുവാകുന്നതു വരെയും ആഘോഷിക്കാം. 

ഇന്ത്യ എന്നാല്‍ കാഞ്ഞിരപുഴയല്ല. 

രണ്ടു നേരം കുളിക്കുന്നത് മലയാളികള്‍ മാത്രേ ഉള്ളൂ..

ചുവന്ന പരിപ്പ് കറി വെച്ചാല്‍ മഞ്ഞ നിറത്തില്‍ ഉള്ള കറിയാണ് കിട്ടുക. 

മത്തി ഒരു ഇന്റര്‍നാഷണല്‍ മീന്‍ ആണ്. 

ആട്ടിറച്ചി പച്ച മല്ലിയും,കുരുമുളകും അരച്ച് ചേര്‍ത്ത് വേവിച്ചു മരുന്ന് പോലെ കഴിക്കാന്‍ ഉള്ളതല്ല. അത് ഒരു സാധാരണ നോണ്‍ വെജ് ഭക്ഷണമാണ്. 

പവര്‍ കട്ട് എന്ന വാക്ക് അറബി നിഘണ്ടുവില്‍ ഇല്ല .

നമ്മുടെ മാത്രം തുണിയും കുപ്പായവും അലക്കി കഴിയുമ്പോള്‍ തന്നെ നമുക്ക് നടു വേദന വരും. അപ്പോള്‍ വീട്ടിലെ മൊത്തം തുണിയും അലക്കുന്ന ഉമ്മമാര്‍ക്ക് നടുവേദന പലപ്രാവശ്യം വന്നിരിക്കാം. 


കുബ്ബൂസിനെ എത്രത്തോളം സ്നേഹിക്കാന്‍ പറ്റുന്നുവോ അത്രത്തോളം നമ്മുടെ കുടുംബക്കാര്‍ നമ്മേം സ്നേഹിക്കും.  ....