താളുകള്‍

Friday 5 April 2013

ആള്‍ കേരള പ്രവാസി അസോസിയേഷന്‍ ഓഫ് ഫേസ് ബുക്ക് (അക്പോഫ്)

 ആള്‍ കേരള പ്രവാസി അസോസിയേഷന്‍ ഓഫ് ഫേസ് ബുക്ക് (അക്പോഫ്)യുണിയന്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഹര്‍ജി . 
ദയവു ചെയ്തു മാസത്തില്‍ ഒരു ദിവസമെങ്കിലും താങ്കളും സഹമന്ത്രിമാരും മൌനവൃതമെടുത്തു ഞങ്ങള്‍ക്ക് മറ്റെന്തെങ്കിലും വിഷയം പോസ്റ്റാന്‍ അവസരം നല്‍കുക. ഫേസ് ബുക്കിനു സ്കൂള്‍ ബുക്കിനു നല്‍കുന്നപോലെ സബ്സിഡി നല്‍കുക. സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ കമ്പ്യുട്ടറുകളിലും ഇന്റര്‍ നെറ്റ് സംവിധാനം അനുവദിക്കുക. ഫേസ് ബുക്കിലിരുന്നു നാടിനെ പറ്റി പറഞ്ഞു കരയുന്ന പ്രവാസികള്‍ക്ക് വേണ്ടി നാട്ടിലെ പണിയില്ലാതെ നടക്കുന്ന ചെറുപ്പക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക .
ഗള്‍ഫിലേക്ക് സന്ദര്‍ശനത്തിനു വരുന്ന നേതാക്കന്മാരോട് മനുഷ്യന്മാരെ പോലെ സംസാരിക്കാന്‍ പറയുക. പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയിടുന്ന പെണ്‍കുട്ടികള്‍ക്ക് സദാചാര ഉപദേശക്കാരില്‍ നിന്നും സംരക്ഷണം നല്‍കുക. പേജിനു ലൈക് ചോദിച്ചു നടക്കുന്നവന്മാരെ തിരഞ്ഞെടുപ്പ് സമയത്ത് വൊട്ട് ചോദിച്ചു നടക്കാനുള്ള സംഘങ്ങളിലെ ലീഡര്‍മാര്‍ ആക്കുക. ഹരിത എമ്മേല്ലെമാരെ കൊണ്ട് ഫാംവില്ല കളിപ്പിക്കുക . മനോരമയുടെ ലിങ്ക് ഫേസ് ബുക്കില്‍ ഇടുന്നവന്മാരെ കല്‍തുറങ്കില്‍ അടക്കുക.പണിയൊന്നുമില്ലാത്ത വനിതാ മന്ത്രിയുടെ ചാറ്റ് ബോക്സില്‍ പച്ച ലൈറ്റ് കത്തിച്ചു വെക്കാന്‍ പറയുക. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയുടെ ഫോട്ടോ എടുത്തു യുണിയനിലെ ആളുകളെ ടാഗ് ചെയ്യുക . താടിക്കാരന്‍ ഡോക്റ്ററുടെ കോലം കത്തിക്കാന്‍ പെട്രോളിന് സബ്സിഡി നല്‍കുക. പിസി ജോര്‍ജ് ചേട്ടന്‍റെ ഡയലോഗുകള്‍ സെന്‍സര്‍ ചെയ്തു പ്രസിദ്ധീകരിക്കുക. 
എമെര്‍ജിംഗ് കേരളയുടെ പോസ്റ്റ്‌ പബ്ലിക് ആക്കുക. എല്ലാ പബ്ലിക് കക്കൂസിലും വൈ ഫൈ നിലവില്‍ വരുത്തുക. ഞങ്ങളുടെ പ്രൊഫൈല്‍ അക്ക്രമികുന്ന വൈറസിനെ ചെറുക്കാന്‍ കേരള പോലീസിന്റെ സംരക്ഷണം നല്‍കുക. ജാതി പറഞ്ഞു താങ്കളെ പേടിപ്പിക്കുന്നവരെ പോക്ക് ചെയ്യാന്‍ ഞങ്ങളെ അനുവദിക്കുക. പ്രവാസികളെ കളിയാക്കുന്ന നാട്ടിലുള്ള അണ്ണന്മാരുടെ നെറ്റ് കണെക്ഷന്‍ എന്തെങ്കിലും കാരണം പറഞ്ഞു ഒഴിവാക്കുക. തീവ്രവാദ ബന്ധം തന്നെ ആയാല്‍ വളരെ നല്ലത് .രക്തം നല്‍കാന്‍ പറഞ്ഞു പോസ്ട്ടിടുന്നവന്റെ ഒരു കുപ്പി രക്തം എങ്കിലും ഊറ്റിയെടുക്കുക. അനാവശ്യമായി ഫോട്ടോ ടാഗ് ചെയ്തു ആളുകളെ ബുദ്ധിമുട്ടിക്കുന്നവരെ ഒരു ദിവസം നിര്‍ബന്ധിച്ചു നിയമസഭയില്‍ ഇരുത്തുക. മാവോയിസ്റ്റുകളെകുറിച്ച് വാര്‍ത്ത ഇറക്കി ജനശ്രദ്ധ തിരിക്കുന്ന പരിപാടി ഉപേക്ഷിക്കുക.ഞങ്ങളെ കൂടെ ജോലി ചെയ്യുന്ന പല നേപ്പാളികളും ശ്രീലങ്കക്കാരും, മാവോയിസ്റ്റുകളും,പുലികളും ഒക്കെ ആണെന്ന കാര്യം മനസ്സിലാക്കുക. 
കേരളത്തില്‍ രാത്രി ഭക്ഷണം ഖുബ്ബൂസ് ആയി പ്രഖ്യാപിക്കുക , അതിനു സബ്സിഡി നല്‍കുക.



1 comment:

  1. അനാവശ്യമായി ഫോട്ടോ ടാഗ് ചെയ്തു ആളുകളെ ബുദ്ധിമുട്ടിക്കുന്നവരെ ഒരു ദിവസം നിര്‍ബന്ധിച്ചു നിയമസഭയില്‍ ഇരുത്തുക. ഇത്തരക്കാര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും കൂടിയ ശിക്ഷ ... ഇക്കാ പെരുത്തിഷ്ടായീട്ടോ

    ReplyDelete