താളുകള്‍

Friday 5 April 2013

ചെരുപ്പ്.


ഇണയെ നഷ്ട്ടപെട്ടാല്‍ പിന്നീട് തനിച്ചു ജീവിക്കാന്‍ സാധിക്കാത്ത ലോകത്തിലെ ഏക പ്രണയ ജോഡി.........ഒറ്റ വാക്കില്‍ നമുക്കങ്ങിനെ വിശേഷിപ്പിക്കാം ചെരുപ്പിനെ ...:) 

കുറെ കാലം പിറകിലോട്ടൊന്ന് കാതോര്‍ത്തു നോക്കൂ.. നമ്മള്‍ അമ്മയുടെ കൈ പിടികാതെ ആദ്യമായി കിട്ടിയ പീപ്പിയുള്ള ഷൂ ഇട്ടു തനിയെ നടക്കുകയാണ്..പീ..പീ .പീ.. ആ ചൊമന്ന നിറം നമ്മുടെ മനസ്സീന്നു മാഞ്ഞു പോയെങ്കിലും ആ ശബ്ദം ഇപ്പോഴും കേള്‍ക്കാം.. പീ പീ ..

ഇനിയാണ് നമ്മുടെ ജീവിതത്തില്‍ ചെരുപ്പുമായുള്ള ബന്ധം തുടങ്ങുന്നത്.നമ്മുടെ വളര്‍ച്ച നമ്മള്‍ മനസ്സിലാക്കില്ലെങ്കിലും നമ്മുടെ കാല്‍പാദത്തിന്‍റെ വളര്‍ച്ച ഓരോ ഘട്ടത്തിലും നമുക്കറിയാന്‍ പറ്റും .. അഞ്ച് ഇഞ്ചില്‍ തുടങ്ങി,ആറു,ഏഴു,എട്ട്, ഒന്‍പതില്‍ എത്തിയാല്‍ പിന്നെ അപൂര്‍വമായേ കാല്‍ പാദം വളരൂ.. പത്തു ഇഞ്ച്‌ അപൂര്‍വമായി ഉപയോഗിക്കുന്നവരും ഉണ്ട് .

ഒരു പുതിയ ചെരുപ്പ് കിട്ടിയാല്‍ തീര്‍ച്ചയായും ആദ്യം ചെയ്യുന്ന പരിപാടി പഴയ ചെരുപ്പിനെ വലിച്ചെറിയുക എന്നതാണ്.മടമ്പ് പതിക്കുന്ന ഭാഗത്ത്‌ ചെറിയൊരു അമ്പിളി കല വന്നു തുടങ്ങിയ ചെരുപ്പിനെ ഒരു ദയയുമില്ലാതെ നമ്മള്‍ ദൂരേക്ക്‌ വലിച്ചെറിയും.. ചിലപ്പോള്‍ രണ്ടു വണ്ടി ചക്ക്രം വെട്ടിയെടുക്കാന്‍ ഉള്ള വകുപ്പുണ്ടെങ്കില്‍ അത് ചെയ്യും.

പുഴക്കരയില്‍ കുളിക്കാനായി പോയാല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് ചിലപ്പോള്‍ ചെരുപ്പ് കഴുകാന്‍ വേണ്ടി ആയിരിക്കും.കഴുകി കഴിഞ്ഞ ചെരുപ്പിനെ ഒരു കല്ലില്‍ കുത്തിച്ചാരി നിറുത്തുമ്പോള്‍ സ്വന്തം ആനയെ പുഴയില്‍ നിന്നും കുളിപ്പിച്ച് കയറ്റിയ ഒരു സന്തോഷമുണ്ടാകും മുഖത്ത്.പലപ്പോഴും പ്രണയിനി അപ്പുറത്തെ കടവിലേക്ക് കുളിക്കാന്‍ വരാന്‍ വൈകിയാല്‍ സമയം തള്ളി നീക്കുന്നത് ഈ ചെരുപ്പ് കഴുകികൊണ്ടാവും .
പള്ളിയിലേക്കോ ,അമ്പലത്തിലേക്കോ പോകുമ്പോള്‍ എന്താടാ ചെരുപ്പ് മാറ്റാനായോ എന്ന് ആരെങ്കിലും വിളിച്ചു ചോദിച്ചാല്‍ നമ്മളൊരു വഷളന്‍ ചിരി ചിരിച്ചു നേരെ നടക്കും.
VKC , BYKOF , LUNAR ,HAWAKER അങ്ങിനെ എത്രയെത്ര കമ്പനികള്‍,സ്കൂള്‍ കാലഘട്ടത്തില്‍ എല്ലാ ക്ലാസിലും ഉണ്ടാകും ഒരു സ്പെഷ്യലിസ്റ്റ്.ചെരുപ്പിന്‍റെ വാറു പറിഞ്ഞു പോന്നാല്‍ അവനെയാണ്‌ നമ്മള്‍ സമീപിക്കുക,ഷര്‍ട്ടിന്‍റെ അടിഭാഗം ചെരുപ്പിന്‍റെ ഹോളിലേക്ക്‌ കയറ്റി വാര്‍ അതില്‍ കുരുക്കി താഴേക്കു വലിച്ചു കയറ്റാന്‍ അവനു ഒരു പ്രത്യേക കഴിവാണ്.

നടന്നു പോകുമ്പോള്‍ കാലില്‍ ചെറിയൊരു വേദന തോന്നിയാല്‍ നമ്മള്‍ ചെരുപ്പ് എടുത്തു നോക്കും, അപ്പോള്‍ കാണാം വലിയൊരു മുള്ള്.ആ മുള്ള് പറിച്ചു കളഞ്ഞു നമ്മുടെ കാലില്‍ തറക്കേണ്ട ആ മുള്ളിനെ തടഞ്ഞു നിര്‍ത്തിയ ചെരുപ്പിനെ ഒന്ന് നന്ദിയോടെ നോക്കിയിട്ട് നമ്മള്‍ വീണ്ടും നടത്തം തുടരും..

പ്രവാസത്തിന്‍റെ സ്വാഭാവിക തിരക്കും,അലസതയും പിന്നെ പുറത്തു പോകുമ്പോഴും ,ജോലിക്കും ഷൂവും.. അതുകൊണ്ട് തന്നെ ഇപ്പോള്‍ ചെരുപ്പ് കഴുകാന്‍ ഒന്നും മിനക്കെടാറില്ല,കുളിക്കുമ്പോള്‍ ചെരുപ്പും ഒന്ന് നനയും..
ഒഴിവു ദിവസങ്ങളില്‍ കൂട്ടുകാരുടെ റൂമില്‍ പോകുമ്പോള്‍ ഒന്ന് രണ്ടു വട്ടം അബദ്ധം പറ്റിയിട്ടുണ്ട്. ഷൂ ധരിച്ചു പോയ നമ്മള്‍ പള്ളിക്ക് പോകുമ്പോള്‍ അവിടെ കിടന്ന കൂട്ടുകാരുടെ ഏതെങ്കിലും ചെരുപ്പിട്ട് പോകും,പിന്നെ നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ആവും ഓര്‍ക്കുക ഏതു ചെരുപ്പിട്ടാ താന്‍ വന്നതെന്ന്. പള്ളിയിലെ തിരക്ക് ഒരുവിധം കഴിയുന്നതുവരെ കാത്തിരികുകയല്ലാതെ വേറെ വഴിയില്ല.
ഒരിക്കല്‍ കൂട്ടുകാരന്‍റെ റൂമില്‍ ഇരിക്കുമ്പോള്‍ കുറെ തബ് ലീഗുകാര്‍ ഉപദേശിക്കാന്‍ വന്നു അവരുടെ ഹിന്ദി മുഴുവനായി എനിക്ക് അറിയാത്തതുകൊണ്ട് ഞാന്‍ പെട്ടെന്ന് ഇല്ലാത്ത കാള്‍ അറ്റന്‍ഡ് ചെയ്തു ഫോണില്‍ സംസാരിച്ചു പുറത്തേയ്ക്ക് പോയി.കുറെ കഴിഞ്ഞു കൂട്ടുകാരന്‍ വിളിച്ചു നീ എന്ത് പണിയാ കാണിച്ചേ.നീ ഇട്ടു പോയ ചെരുപ്പ് ഈ വന്ന ആളുകളുടെതാണ് പെട്ടെന്ന് കൊണ്ട് വാ.. അവരു നിന്നെ കാത്തിരിക്കുന്നു.
കാല്‍പാദം നീര് വന്നു അവശനായ ഒരാളെ ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ ഡോക്ടര്‍ ഞങ്ങളോട് ചൂടായി.. ഇതുപോലത്തെ ചെരുപ്പ് ഇട്ടാല്‍ പിന്നെ എങ്ങിനെ കാലിനു അസുഖം വരാതിരികും.അപ്പോഴാണ്‌ ഞങ്ങള്‍ അത് ശ്രദ്ധിച്ചത്.നീരുള്ളത് കാരണം ഷൂ ഇടാന്‍ ബുദ്ധിമുട്ടുള്ള സുഹൃത്ത്‌ ബാത്രൂമിലെ ഒരു പഴയ ചൊറി പിടിച്ച ചെരുപ്പ് ആണ് ധരിച്ചിരുന്നത്. അവനും,ഞങ്ങളും അത് ശ്രദ്ധിച്ചിരുന്നില്ല.
കുറെ എഴുതാനുണ്ട്.എഴുത്തിന്‍റെ നീളം കാല്‍പാദത്തിനു പുറത്തേയ്ക്ക് നീണ്ടു നില്‍ക്കുന്ന ചെരുപ്പ് പോലെ അരോചകം ആയതിനാല്‍ നിറുത്തുന്നു,MF ഹുസൈന്‍ ജീവിതത്തില്‍ ഒരിക്കലും ചെരുപ്പ് ധരിച്ചിട്ടേ ഇല്ല എന്ന് കേട്ടിട്ടുണ്ട് . പഴയ നമ്മുടെ ആള്‍ക്കാരും ചെരുപ്പില്ലാത്തവര്‍ ആയിരുന്നു.അതുകൊണ്ട് തന്നെ ഭൂമിയെ തലോടി നടന്നിരുന്ന അവരെല്ലാം ഒരുപാട് കാലം ഒരു കുഴപ്പവുമില്ലാതെ കുറെ കാലം ജീവിച്ചിരുന്നു എന്നത് ഇതിന്‍റെ മറ്റൊരു വശം..

മഴക്കാലത്ത്‌ പുറത്തു പോയി വന്നാല്‍ ഉമ്മ തീര്‍ച്ചയായും ചീത്ത പറയും,കാരണം ചെരുപ്പിന്‍റെ വികൃതി നമ്മുടെ ഫാന്റും കഴിഞ്ഞു ഷര്‍ട്ടിന്റെ താഴ്ഭാഗം വരെ ചുവന്ന പുള്ളികള്‍ തീര്‍ത്തിട്ടുണ്ടാകും . ഒരുപാട് നേരത്തെ മല്‍പിടുത്തം കൊണ്ട് ഉമ്മ ആ പുള്ളികള്‍ എല്ലാം മായ്ച്ചു കളയും ..
പക്ഷെ കാലമെന്ന ഉമ്മാക്ക് നമ്മുടെ മനസ്സില്‍ നിന്നും ചില പുള്ളിക്കുത്തുകള്‍ മായിച്ചു കളയാന്‍ അത്ര പെട്ടെന്നൊന്നും കഴിയില്ല. അതിങ്ങനെ ഓരോ കൊപ്പന്മാരുടെ ഫേസ് ബുക്ക് പോസ്റ്റായി നമ്മളെ ഓര്‍മിപ്പിച്ചുകൊണ്ടേ ഇരിക്കും :p

2 comments:

  1. "പക്ഷെ കാലമെന്ന ഉമ്മാക്ക് നമ്മുടെ മനസ്സില്‍ നിന്നും ചില പുള്ളിക്കുത്തുകള്‍ മായിച്ചു കളയാന്‍ അത്ര പെട്ടെന്നൊന്നും കഴിയില്ല. അതിങ്ങനെ ഓരോ കൊപ്പന്മാരുടെ ഫേസ് ബുക്ക് പോസ്റ്റായി നമ്മളെ ഓര്‍മിപ്പിച്ചുകൊണ്ടേ ഇരിക്കും...."
    :)
    ഒരു പഴ ജോടി ചെരുപ്പ്‌ ഇത്രയൊക്കെ ചിന്തിപ്പിക്കും അല്ലെ?

    ReplyDelete
  2. ചെരുപ്പിനെ പ്രേനയിക്കെണ്ടിവന്നവൻ

    ReplyDelete