താളുകള്‍

Friday, 5 April 2013

മാമ്പഴം-

മാങ്ങ - പഴങ്ങളിലെ രാജാവ് - മാങ്ങയണ്ടി -പഴങ്ങളിലെ രാജ കുരു :) 
അയല്‍പക്കത്തെ ശിവേട്ടന്‍റെ വീട്ടിലെ പട്ടിയെ എറിയാനും ആരാന്‍റെ പറമ്പിലെ മാവിലെ മാങ്ങക്ക് എറിയാനുമാണ് ഞാന്‍ എന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കല്ലുകള്‍ പെറുക്കിയിട്ടുള്ളത് .
ഏറ്റവും മുകളില്‍ ഉള്ള മാങ്ങ തന്നെ ആയിരിക്കും മിക്കപ്പോഴും നമ്മുടെ ഉന്നം,എന്നാലെ ചിലപ്പോള്‍ താഴെയുള മങ്ങക്കെങ്കിലും കൊള്ളൂ :) 
ഓര്‍ത്തു നോക്കു ആ മാമ്പഴക്കാലം.ഓര്‍മ്മകള്‍ കൈവെള്ളയിലൂടെ മാമ്പഴച്ചാറായി ഒഴുക്കുന്നു. 

തറവാട്ടിലെ മുറ്റത്തെ മാവില്‍ നിന്നും ആദ്യ കണ്ണിമാങ്ങ കൊഴിഞ്ഞു വീഴുന്ന അന്നുമുതല്‍ അവസാനത്തെ മാങ്ങയുടെ അണ്ടികാണുന്നതുവരെ എന്‍റെ താമസം ആ മാവിന് ചുവട്ടിലേക്ക്‌ മാറ്റും ഞാന്‍.. .
കണ്ണിമാങ്ങയുടെ ചുണ മതിലില്‍ ഉരച്ചു ഒരു കടിക്കു രണ്ടു കഷ്ണമാക്കി ഒരു കഷ്ണം നമ്മള് തിന്നും ഒരു കഷ്ണം കളിക്കൂട്ടുകാരിക്കും കൊടുക്കും. അതിനു ശേഷമാണ് തമാശ .പൂര്‍ണ വളര്‍ച്ചയെത്താത്ത ആ കുഞ്ഞു മാങ്ങയണ്ടി രണ്ടു വിരലുകൊണ്ട് ബലമായി പിടിച്ചു അവളോട്‌ ചോദിക്കും. ആനയോ കുതിരയോ ?? 
ആന എന്ന് പറഞ്ഞാല്‍ നമ്മള്‍ കൈ വിരല്‍ ഉറക്കെ ഒന്ന് അമര്‍ത്തും. മാങ്ങയണ്ടി തെറിച്ചു കുറച്ചപ്പുറത്ത്‌ വീഴും . കുതിരയാണേ എന്ന് പറഞ്ഞു നമ്മളവളെ കളിയാക്കും. പാവം അവള്‍ കുതിര എന്ന് പറയാമായിരുന്നു എന്ന് കരുതി വിഷമിച്ചു ഇരിക്കുമ്പോളായിരിക്കും ഒരു ഇളം കാറ്റ് വരുന്നതും അടുത്ത കണ്ണിമാങ്ങ വീഴുന്നതും. പെണ്‍കുട്ടികളെ നമ്മളെ വിഷമിപ്പിക്കൂ .. മാവ് മുത്തശ്ശിയെ അതിനു കിട്ടില്ല. കുളിര്‍ കാറ്റിനെയും.. 

മാവിന്‍റെ എതോക്കെയോകൊമ്പുകളില്‍ മാങ്ങക്ക് വലുപ്പം വെച്ച് തുടങ്ങി. ഇനി കാറ്റ് വരുന്നതും നോക്കിയിരുന്നിട്ടു കാര്യമില്ല. നമ്മള്‍ ചേട്ടന്‍റെയോ ചേച്ചിയുടെയോ കൂടെ കൂടും. അവര് പച്ച മാങ്ങ പറിച്ചു കൊണ്ട് വരുമ്പോഴേക്കും നമ്മള്‍ അടുക്കളയില്‍ നിന്നും അമ്മ കാണാതെ കുറച്ചു മുളകും,ഉപ്പും ,വെളിച്ചെണ്ണയും സംഘടിപ്പിചിട്ടുണ്ടാകും . ഇനി എഴുതിയാല്‍ എന്‍റെ ലാപ് ടോപ്‌ വായിലെ വെള്ളം വീണു നാശമാകും. 

ദിവസങ്ങള്‍ക് ശേഷം ഒരു ദിവസം കാലത്ത് എണീറ്റ് മാവിന്‍ ചുവട്ടിലേക്ക്‌ നോക്കുമ്പോള്‍ കാണാം തലേന്ന് രാത്രി വിരുന്നു വന്ന വവ്വാല്‍ വയറു നിറച്ചു തിന്നതിന്ശേഷം നമുക്കായി ഒരു പകുതി മാങ്ങ അതും പഴുത്തത് മാവിന്‍ ചുവട്ടില്‍ വെച്ച് പോയത്. 
ഉറക്കമൊക്കെ എവിടെയോ പോയി മറയും.ശരിക്കും മാമ്പഴക്കാലം തുടങ്ങുന്നത് അന്നുമുതലാണ് 
ജീവിതത്തില്‍ ഏറ്റവും മനോഹരമായ കാലഘട്ടങ്ങളെ നമ്മള്‍ സാധാരണ മാമ്പഴ കാലം എന്ന് പറയുന്നത് അത് ശരിക്കും മധുരമേറിയ ഒരു കാലഘട്ടം ആയതുകൊണ്ട് തന്നെയാണ്. 

നല്ലവണ്ണം വിയര്‍ക്കുന്ന ശരീര പ്രകൃതി ആയതുകൊണ്ടും മഴ കാണാന്‍ പറ്റില്ല എന്നതുകൊണ്ടും മാര്‍ച്- ഏപ്രില്‍ മാസങ്ങളില്‍ നാട്ടില്‍ അവധിക്കാലം ആസ്വദിക്കാന്‍ എനിക്ക് ഇതുവരെ പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ പതിമൂന്നു വര്‍ഷമായിട്ടു എനിക്കീ മാമ്പഴക്കാലം അന്യവുമാണ്.തന്നെയുമല്ല നാട്ടിലൊന്നും പഴയ പോലെ മാവുമില്ലല്ലൊ. നിങ്ങള്‍ തമിഴ് നാട്ടില്‍ നിന്നും വാങ്ങുന്ന മാങ്ങയെക്കാളും നല്ല മാങ്ങ ഇവിടെ മറ്റു രാജ്യങ്ങളുടെത് വാങ്ങാന്‍ കിട്ടും. 
ഒരു അഞ്ചു സെന്‍റ് സ്ഥലം എങ്കിലും നമുക്കുണ്ടെങ്കില്‍ അതിന്‍റെ ഏതെങ്കിലുമൊരു കോണില്‍ ഒരു മാവ് നാട്ടു പിടിപ്പിച്ചാല്‍ നമുക്ക് അതിന്‍റെ മാങ്ങ തിന്നാന്‍ പറ്റിയിട്ടില്ലെങ്കിലും നമ്മുടെ മക്കള്‍ക്കോ പേരകുട്ടികള്‍ക്കോ അനുഭവിക്കാമല്ലൊ. (ഒട്ടുമാവോക്കെ ഉള്ളതോണ്ട്‌ ഇപ്പോള്‍ വളരെ കുറച്ചു വര്‍ഷങ്ങള്‍ മതിയല്ലോ ) 

നമ്മുടെ വീട്ടിലെ ഏതെങ്കിലും ഒരു മാവില്‍ നിന്നും പറിച്ച ഒരു മാങ്ങ തിന്നുമ്പോള്‍ ആ മാവ് നട്ട നമ്മുടെ ഉപ്പൂപ്പാനെ കുറിച്ച് നമ്മള്‍ ചിന്തികാത്തതുപോലെ തന്നെ നമ്മള്‍ നട്ട മാവില്‍ നിന്നും മാങ്ങ പറിച്ചു തിന്നുമ്പോള്‍ നമ്മുടെ മക്കളും നമ്മെ ഓര്‍ക്കണമെന്നില്ല............
പക്ഷെ ഒരു കാര്യം ഞാന്‍ ഉറപ്പു തരാം.. 
അന്നാ മാവി ലെ മാങ്ങ തിന്നുന്ന കിളികളും,വവ്വാലും,അണ്ണാറകണ്ണനുമൊക്കെ 
( അത്തരം ജീവികള്‍ ഒക്കെ അന്ന് പ്രകൃതിയില്‍ ഉണ്ടെങ്കില്‍ ) നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്വിക്കും ,നിങ്ങളുടെ മഹത്വം വര്‍ണിച്ചുകൊണ്ടവര്‍ ചില്ലകളില്‍ നിന്നും ചില്ലകളിലേക്ക്‌ ചാടിയും,പറന്നും നടക്കും.. 

.. സ്വപ്നത്തില്‍ എല്ലാവരുടെയും മനസ്സില്‍ പഴുത്ത ഒരു മാങ്ങ വീഴാന്‍ പാകത്തില്‍ ഒരു തണുത്ത കാറ്റ് വീശട്ടെ .ശുഭരാത്രി


3 comments:

  1. മാമ്പഴക്കാലം പറഞ്ഞു ചുമ്മാ കൊതിപ്പിക്കയാണോ...?

    ReplyDelete
  2. നാട്ടില്‍ മാമ്പഴക്കാലം ആയി എന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍ത്തു, കണ്ണിമാങ്ങയും മാമ്പഴവും കാറ്റ് വരുമ്പോള്‍ മാവിന്‍ ചുവട്ടിലെയ്ക്കുള്ള ഓട്ടവും ഒക്കെ ഇന്ന് ഓര്‍മ്മയില്‍ മാത്രം!

    ReplyDelete
  3. ജീവിതത്തിന്റെ മാമ്പഴക്കാലം എന്ന് പറയാറുണ്ട്‌. മാമ്പഴം ശൈശവ ബാല്യങ്ങളെ അത്രയ്ക്ക് മധുരമൂട്ടുന്നത് കൊണ്ടാവാം അങ്ങിനെ പറയുന്നത്. ഇന്നത്തെ കുട്ടികള്ക്ക് അങ്ങിനെ ഒരു മാമ്പഴക്കാലം ഉണ്ടോ എന്ന് സംശയം. നന്നായിരിക്കുന്നു അബ്ബാസ്..

    ReplyDelete